കോവിഡിനെ പിടിച്ചുകെട്ടാന്‍ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം

കോവിഡിനെ പിടിച്ചുകെട്ടാന്‍ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം വിദഗ്ധ സംഘത്തെ നിയോഗിച്ചു. കേരളം കൂടാതെ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര സംഘത്തെ നിയോഗിച്ചു.

മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ സമീപകാലത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനുള്ള കാരണം പഠനവിധേയമാക്കും. രോഗവ്യാപനം തടയുന്നതിനാവശ്യമായ നടപടികള്‍ക്ക് സംഘം മാര്‍ഗനിര്‍ദേശം നല്‍കും.

വൈറസ് വ്യാപനം തടയുന്നതിന് കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 21,12,312 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്. 51,857 പേര്‍ മരിക്കുകയും ചെയ്തു. 10,40,904 പേര്‍ക്ക് കോവിഡ് ബാധിച്ച കേരളമാണ് പട്ടികയില്‍ രണ്ടാമത്. എന്നാല്‍, കേരളത്തില്‍ മരണ നിരക്ക് പിടിച്ചുകെട്ടാനായി. 4120 പേരാണ് കേരളത്തില്‍ മരിച്ചത്.