അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; കാലിക്കറ്റ് സര്‍വ്വകലാശാലയോട് വിശദീകരണം തേടി ഹൈക്കോടതി
കോഴിക്കോട്: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയോട് വിശദീകരണം തേടി ഹൈക്കോടതി. അധ്യാപക നിയമനത്തില്‍ ക്രമക്കേടാരോപിച്ച് സിന്‍ഡിക്കേറ്റംഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം. അടുത്ത മാസം നാലാം തീയതി നിലപാട് അറിയിക്കണമെന്നാണ് സര്‍വകലാശാലയോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
യു.ജി.സി മാര്‍ഗ നിര്‍ദ്ദേശങ്ങളും സംവരണ ചട്ടങ്ങളും അട്ടിമറിച്ച് നിയമനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിന്‍ഡിക്കേറ്റംഗം ഡോ.റഷീദ് അഹമ്മദ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വ്വകലാശാലയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ അധ്യാപക നിയമനത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
ജനുവരി 30 ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ 16 പഠന വകുപ്പുകളില്‍ 43 ഉദ്യോഗാര്‍ത്ഥികളുടെ നിയമനം അംഗീകരിച്ചത്.
ഇതിന് പിന്നാലെ നിയമനത്തില്‍ അപാകത ഉണ്ടെന്നാരോപിച്ച് സിന്‍ഡിക്കേറ്റ് അംഗം ഗവര്‍ണറെ സമീപിച്ചു. നിയമന വിജ്ഞാപനം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഭിന്നശേഷി, ജാതി എന്നിവ അടക്കമുള്ള സംവരണ സീറ്റുകള്‍ ഏതെന്ന് നിര്‍ണയിക്കണമെന്ന യുജിസി ചട്ടം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പാലിച്ചിട്ടില്ലെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
നിയമനം നടന്നിട്ടും റാങ്ക് ലിസ്റ്റ് പരിശോധിക്കാത്തതിലെ ദുരൂഹതയെ കുറിച്ചും പരാതിയില്‍ വ്യക്തമാക്കുന്നു. ഇഷ്ടക്കാരെ തിരുകി കേറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.
Comments (0)