കള്ളക്കടത്തിനു കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുമായി സിബിഐ; കേസ് എടുക്കാന്‍ അനുമതി നല്‍കാതെ സംസ്ഥന സര്‍ക്കാര്‍

കള്ളക്കടത്തിനു കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുമായി സിബിഐ; കേസ് എടുക്കാന്‍ അനുമതി നല്‍കാതെ സംസ്ഥന സര്‍ക്കാര്‍

കൊച്ചി: കോഴിക്കോട് വിമാനത്താവളത്തില്‍ കള്ളക്കടത്തിനു കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവു നിരത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതുമൂലം വിമാനത്താവളത്തില്‍ പരിശോധന നടത്തി ഒരു മാസം കഴിഞ്ഞിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. സ്വമേധയാ കേസെടുക്കാന്‍ സിബിഐക്കു നേരത്തേയുണ്ടായിരുന്ന അനുമതി കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐക്ക് കേസ് എടുക്കാന്‍ സാധിക്കാതെ പോയത്.

വിമാനത്താവളത്തില്‍ ജനുവരി 12നു ഡിആര്‍ഐയുടെ സഹായത്തോടെ സിബിഐ നടത്തിയ പരിശോധനയില്‍ കര്‍ണാടക ഭട്കല്‍ സ്വദേശികളായ 22 പേരില്‍ നിന്ന് ഒരു കോടിയോളം രൂപയുടെ സ്വര്‍ണവും വിദേശ സിഗരറ്റും പിടിച്ചെടുത്തു. കസ്റ്റംസ് ഏരിയയില്‍ നിന്നും ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്നും ലക്ഷക്കണക്കിനു രൂപയും കണ്ടെടുത്തു. കള്ളക്കടത്തുകാര്‍ക്കു സഹായം നല്‍കിയതിന് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് സ്വമേധയാ കേസെടുക്കാന്‍ സിബിഐക്കു നേരത്തേയുണ്ടായിരുന്ന അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത്.വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ കോഴ ആരോപിച്ച്‌ കേസെടുത്തതാണു സംസ്ഥാന സര്‍ക്കാരിനെ ഇതിനു പ്രകോപിപ്പിച്ചത്. ഇതോടെ, ആരോപണവിധേയരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന നില വന്നു.