കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ രണ്ടു വയസുകാരിയ്ക്ക് 1.5 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്ബനി

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ രണ്ടു വയസുകാരിയ്ക്ക് 1.5 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്ബനി

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്ബനി ഓഫ് ഇന്ത്യ ലിമിറ്റഡ്. ഹൈക്കോടതിയിലാണ് കമ്ബനി ഇക്കാര്യം അറിയിച്ചത്. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകള്‍ക്കാണ് ഈ തുക നല്‍കുന്നത്.

ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു കാട്ടി ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ തുക വേഗം നല്‍കാന്‍ കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെയും പരിക്കേറ്റ ഭാര്യ ആമിനയുടെയും നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള രേഖകളെല്ലാം ലഭിച്ചിട്ടില്ലെന്ന് ഏവിയേഷന്‍ കമ്ബനി കോടതിയെ അറിയിച്ചിട്ടുണ്ട്.ഇത് ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു വയസ്സുകാരിക്കു നല്‍കുന്ന നഷ്ടപരിഹാരത്തുകയില്‍ ഹര്‍ജിക്കാര്‍ തൃപ്തി പ്രകടിപ്പിച്ചു. രേഖകള്‍ സമര്‍പ്പിച്ചാല്‍ മറ്റുള്ളവരുടെ കാര്യത്തിലും തൃപ്തികരമായ തീരുമാനമുണ്ടായാല്‍ തര്‍ക്കത്തിനു കാര്യമില്ലെന്നു വിലയിരുത്തിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്. തൃപ്തികരമായ തീരുമാനമല്ല ഉണ്ടാകുന്നതെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.