ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരാന്‍ കാരണമെന്ത്?

ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരാന്‍ കാരണമെന്ത്?

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയ‍രുകയാണ്. ബുധനാഴ്ച്ച രാജസ്ഥാനിലെ ശ്രീ ഗംഗനഗറില്‍ പെട്രോള്‍ വില ലിറ്ററിന് 26 പൈസ വര്‍ധിച്ച്‌ 100.13 രൂപയായി ഉയര്‍ന്നതോടെ രാജ്യത്ത് ആദ്യമായി പെട്രോളിന്റെ ചില്ലറ വില മൂന്ന് അക്കത്തിലെത്തി. ഡീസലിന്റെ 27 പൈസ വര്‍ധിച്ച്‌ 92.13 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരം അനുസരിച്ച്‌ തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത്.

ഇന്ധനവില ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയിലുള്ള വ്യത്യാസമനുസരിച്ചാണ് വില വ്യത്യാസപ്പെടുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതെന്ന് പരിശോധിക്കാം. എന്തുകൊണ്ടാണ് പെട്രോള്‍, ഡീസല്‍ വില ഉയരുന്നത്?

കഴിഞ്ഞ വ‍ര്‍ഷം ഒക്ടോബറിന് ശേഷം ക്രൂഡ് ഓയില്‍ വില 50 ശതമാനത്തിലധികം ഉയ‍ര്‍ന്നിട്ടുണ്ട്. 2020 ജനുവരിയില്‍ ബാരലിന് 63.7 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില ഒക്ടോബറില്‍ 40.2 ഡോളറിലെത്തി. മറ്റ് രാജ്യങ്ങളില്‍ ഇന്ധന വില കൊറോണ വൈറസിന് മുമ്ബുള്ള വിലയില്‍ എത്തിയെങ്കിലും ഇന്ത്യയില്‍ ഇന്ധന വില കുത്തനെ ഉയ‍ര്‍ന്നു കൊണ്ടിരിക്കുകയാണ്. 2021 ജനുവരിയില്‍ ഇന്ധന വില റെക്കോ‍‍ര്‍‍ഡ് ഉയരത്തിലെത്തി.



2020 ഏപ്രിലില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. കൊവിഡ് മഹാമാരിയെ തുട‍ര്‍ന്നുള്ള ലോക്ക്ഡൗണിനെ തുട‍ര്‍ന്നാണ് വില കുത്തനെ ഇടിഞ്ഞത്. എന്നാല്‍ വാക്സിന്‍ വിതരണം ആരംഭിച്ചതോടെ വില ബാരലിന് 40 ഡോളറില്‍ നിന്ന് 63.49 ഡോളറിലേയ്ക്ക് ഉയ‍ര്‍ന്നു. ഇതേ സമയം പ്രധാന എണ്ണ ഉത്പാദന രാജ്യമായ സൗദി അറേബ്യ എണ്ണയുടെ ഉത്പാദനം 1 മില്യണ്‍ ബാരല്‍ കുറച്ച്‌ 8.125 ബാരലായി ചുരുക്കി.

ഇതിനിടെ വരുമാനം വ‍ര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സ‍‍ര്‍ക്കാരുകള്‍ ഇന്ധനത്തിന്‍ മേലുള്ള നികുതി വ‍ര്‍ദ്ധിപ്പിച്ചു. ഇതും ഇന്ധന വില ഉയരാന്‍ കാരണമായി. ഡല്‍ഹിയില്‍ കേന്ദ്ര സംസ്ഥാന സ‍ര്‍ക്കാരുകള്‍ പെട്രോളിന്റെ നികുതി 180 ശതമാനം വര്‍ദ്ധിപ്പിച്ചു. ഡീസലിന്റെ നികുതി 141 ശതമാനം വ‍ര്‍ദ്ധിച്ചു. ഗ്രാമപ്രദേശങ്ങളില്‍ മണ്‍സൂണ്‍ കാലത്ത് നിരവധി ക‍ര്‍ഷകരെയും ഇന്ധന വില വ‍‍ര്‍ദ്ധനവ് ബാധിക്കും. ജലസേചനത്തിനും മറ്റും ഡീസല്‍ മോട്ടോറുകള്‍ ഉപയോഗിക്കുന്നത് ക‍ര്‍ഷക‍രുടെ ചെലവ് വ‍ര്‍ദ്ധിപ്പിക്കും.

ഇന്ധനവില ഉയരുന്നതിനെച്ചൊല്ലിയുള്ള ആശങ്കകള്‍ക്കിടയില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ സംസ്ഥാനത്തെ ഇന്ധന വില ലിറ്ററിന് 7 രൂപ കുറച്ചു. ഇന്ധനവിലയിലെ നിരന്തരമായ വര്‍ധനവിനെ തുട‍ര്‍ന്ന് ഇന്ധനത്തിന്‍ മേലുള്ള നികുതി ഉടന്‍ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വിമര്‍ശനമുയ‍ര്‍ത്തുന്നുണ്ട്. കേരളത്തിലും ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ കടന്നു. ഡീസലിന് 86.61 രൂപയാണ് ഇന്നത്തെ നിരക്ക്. എല്‍പിജി സിലിണ്ടറിന്റെ വിലയും ഈ ആഴ്ച ഡല്‍ഹിയില്‍ 50 രൂപ വര്‍ദ്ധിച്ചു.