പ്രധാനമന്ത്രി ബാലപുരസ്‌കാരത്തില്‍ മലയാളിത്തിളക്കം; നേട്ടം കൊയ്തത് തിരുവനന്തപുരം സ്വദേശിനി ഹൃദയ ആര്‍. കൃഷ്ണന്‍; അംഗീകാരം വീണവാദനത്തിലെ മികവിന്

പ്രധാനമന്ത്രി ബാലപുരസ്‌കാരത്തില്‍ മലയാളിത്തിളക്കം; നേട്ടം കൊയ്തത് തിരുവനന്തപുരം സ്വദേശിനി ഹൃദയ ആര്‍. കൃഷ്ണന്‍; അംഗീകാരം വീണവാദനത്തിലെ മികവിന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ബാല പുരസ്‌കാര ജേതാക്കളില്‍ വീണ്ടും മലയാളത്തിളക്കം. ഇത്തവണത്തെ പുരസ്‌കാരങ്ങളില്‍ തിരുവനന്തപുരം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദയ ആര്‍. കൃഷ്ണനും ഇടം നേടി. വീണവാദനത്തിലെ മികവിനാണ് അംഗീകാരം.

തിരുവനന്തപുരം പൈപ്പിന്മൂട് അസറ്റ് ലിനിയേജ് 4 സിയില്‍ ഡോ. എസ്. രാമകൃഷ്ണന്റെയും മംഗളയുടെയും മകളാണ് ഹൃദയ. കേന്ദ്ര സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ കള്‍ചറല്‍ റിസോഴ്‌സസ് ആന്‍ഡ് ട്രെയിനിങ് സ്‌കോളര്‍ഷിപ്, സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വലബാല്യം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികവേളയില്‍ വീണ വായിക്കാന്‍ അവസരം ലഭിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും സമ്മാനങ്ങള്‍ ലഭിച്ചു.

കല, സാംസ്‌കാരികം, കായികം, ധീരത, സാമൂഹികസേവനം, നവീന ആശയങ്ങള്‍, വൈജ്ഞാനിക മികവ് എന്നിവയുടെ അടിസ്ഥാനത്തില്‍ 32 പ്രതിഭകള്‍ക്കാണ് പുരസ്‌കാരം. ഇവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും