എല്ലാ ഒരുക്കളും പൂര്‍ത്തിയായി ഇനി തെരഞ്ഞെടുത്താല്‍ മതി കോണ്‍ഗ്രസ് അധ്യക്ഷനെ

എല്ലാ ഒരുക്കളും പൂര്‍ത്തിയായി ഇനി തെരഞ്ഞെടുത്താല്‍ മതി കോണ്‍ഗ്രസ് അധ്യക്ഷനെ

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിയുടെ മേല്‍നോട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിപ്പു ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍.തെരഞ്ഞെടുപ്പ് വിജ്ഞാപനം 22ന് പുറത്തിറക്കും. വോട്ടര്‍മാര്‍ക്ക് ക്യു.ആര്‍ കോഡുള്ള, ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കിക്കൊണ്ടാണ് ഒരുക്കങ്ങള്‍.9,000ല്‍പരം പ്രതിനിധികളടങ്ങുന്നതാണ് വോട്ടര്‍പട്ടിക. എന്നാല്‍, ആകെ വോട്ടര്‍മാരുടെ കൃത്യമായ എണ്ണം, ഓരോ സംസ്ഥാനത്തെയും ആകെ വോട്ടര്‍മാര്‍ എത്ര തുടങ്ങിയ കാര്യങ്ങള്‍ പരസ്യപ്പെടുത്തില്ല. വോട്ടര്‍പട്ടിക തയാറായെങ്കിലും പല കാരണങ്ങളാല്‍ അത് എല്ലാവര്‍ക്കുമായി പങ്കുവെക്കാന്‍ കഴിയില്ലെന്നാണ് വിശദീകരണം. ഓരോ സംസ്ഥാനത്തെയും വോട്ടര്‍മാരായ പി.സി.സി പ്രതിനിധികള്‍ക്ക് ക്യു.ആര്‍ കോഡുള്ള, ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഫോട്ടോ കൂടിയുള്ള കാര്‍ഡുകള്‍ കിട്ടിയവര്‍ക്ക് സ്‌കാന്‍ ചെയ്ത് പോളിങ് ബൂത്തില്‍ കയറാം. കാര്‍ഡില്‍ ഫോട്ടോ ഇല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് കൂടി കരുതണം.കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ നാമനിര്‍ദേശ പത്രികയില്‍ പിന്തുണക്കുന്ന 10 പ്രതിനിധികളുടെ കൈയൊപ്പ് വേണം. പിന്തുണക്കുന്നവരുടെ പക്കല്‍ ക്യു.ആര്‍ കോഡുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്ന് സ്ഥാനാര്‍ഥികള്‍ ഉറപ്പുവരുത്തിയാല്‍ മതി. പിന്തുണക്കുന്നവര്‍ മറ്റേതൊരു സംസ്ഥാനത്താണെങ്കിലും, സാധുവായ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഈ പരിശോധന നടത്താം. വോട്ടര്‍പട്ടിക നേരിട്ടു പരിശോധിക്കാന്‍ ഈ മാസം 20 മുതല്‍ സ്ഥാനാര്‍ഥിക്ക് എ.ഐ.സി.സി ഓഫിസില്‍ സൗകര്യം നല്‍കും. എല്ലാ പി.സി.സികളും അന്തിമ വോട്ടര്‍പട്ടിക തയാറാക്കിയശേഷം 22ന് തെരഞ്ഞെടുപ്പു വിജ്ഞാപനം ഇറക്കുന്നതോടെ വോട്ടര്‍പട്ടിക വേണ്ടപ്പെട്ടവര്‍ക്ക് ലഭ്യമാക്കും. മത്സരമുണ്ടെങ്കില്‍ വോട്ടെടുപ്പ് ഒക്ടോബര്‍ 17ന്. നാമനിര്‍ദേശ പത്രിക ഈ മാസം 24 മുതല്‍ 30 വരെ നല്‍കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ എട്ട്. എട്ടു മുതല്‍ 16 വരെ പ്രചാരണസമയം. വോട്ടെടുപ്പ് ആവശ്യമായി വന്നാല്‍ 17ന് രാവിലെ 10നും വൈകീട്ട് നാലിനുമിടയില്‍ എല്ലാ പി.സി.സി ആസ്ഥാനങ്ങളിലും എ.ഐ.സി.സിയിലും വോട്ടു ചെയ്യാന്‍ ക്രമീകരണമൊരുക്കും. 19ന് വോട്ടെണ്ണി ഫലം അന്നു തന്നെ പ്രഖ്യാപിക്കും. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികള്‍ക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ പുതിയ ടീമിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ഇതിനായി പ്രദേശ് റിട്ടേണിങ് ഓഫിസര്‍ പി.സി.സി പ്രതിനിധികളുടെ യോഗം വിളിക്കും. പി.സി.സി പ്രസിഡന്റിനെയും എ.ഐ.സി.സി പ്രതിനിധികളെയും നിയമിക്കാന്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ അധികാരപ്പെടുത്തുന്ന പ്രമേയം പാസാക്കും. വരാനിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍, പദവിയേറ്റ ശേഷമായിരിക്കും ഇവരുടെ പേരുവിവരം പ്രഖ്യാപിക്കുക. ഈ നടപടിക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തശേഷം എ.ഐ.സി.സി സമ്മേളനം വിളിക്കും. എ.ഐ.സി.സി സമ്മേളനത്തിനു ശേഷം പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പ്. സമിതിയിലെ 12 സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടക്കും. സമവായമുണ്ടെങ്കില്‍ മത്സരത്തിന്റെ ആവശ്യം വരില്ല. 11 പേരെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ നോമിനേറ്റ് ചെയ്യും. ലോക്‌സഭയിലെയും രാജ്യസഭയിലെയും കോണ്‍ഗ്രസിന്റെ നേതാവ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നിവരാണ് 26 അംഗ പ്രവര്‍ത്തകസമിതിയിലെ മറ്റ് അംഗങ്ങള്‍. പി.സി.സി അധ്യക്ഷനെയും എ.ഐ.സി.സി പ്രതിനിധികളെയും നിയമിക്കുന്നതിന് പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ അധികാരപ്പെടുത്തുന്ന പ്രമേയം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് പാസാക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് എല്ലാക്കാലവും സുതാര്യമാണെന്നും ഇത്തവണയും അങ്ങനെ തന്നെയായിരിക്കുമെന്നും മധുസൂദനന്‍ മിസ്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ഒന്നും ഒളിക്കാനില്ല-അദ്ദേഹം പറഞ്ഞു.