കിഫ്ബിയുടെ പേരില്‍ അനധികൃത പാറഖനനം : അന്യോഷണം തുടങ്ങി

ഇടുക്കി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബി റോഡ് നിർമാണത്തിന്റെ പേരിൽ ഇടുക്കിയിൽ വ്യാപക പാറ ഖനനം. നിർമാണം പുരോഗമിക്കുന്ന റോഡിൽ പാറയുള്ള സ്ഥലത്ത് അനുവദിച്ചതിന്റെ ഇരട്ടിയിലധികം ഖനനം. സ്വകാര്യ വ്യക്തികളുമായി ചേർന്ന് ഉൾപ്രദേശങ്ങളിൽ നിന്നു
പോലും റോഡ് നിർമാണത്തിന്റെ മറവിൽ പാറപൊട്ടിച്ച് കടത്തുന്നുണ്ട്.ഇതു സംബന്ധിച്ച് ജന്മഭൂമി നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ റവന്യൂ
വകുപ്പ് ഇത്തരം സംഭവങ്ങളെപ്പറ്റി അന്വേഷണം തുടങ്ങി. മന്ത്രി എം.എം.മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിലാണ് നിരവധിയിടങ്ങളിൽ റോഡിന് സമീപത്തും ഉള്ളിലേക്ക് കയറിയുമടക്കം പാറപൊട്ടിച്ച് കടത്തുന്നത്.ബസൺവാലി പഞ്ചായത്തിലെ ജോസ്ഗിരിയിൽ മൂന്നിടത്തും, സേനാപതി പഞ്ചായത്തിലെ അരിവിളംചാലിലുമാണ് വൻതോതിൽ പാറപൊട്ടിച്ചത്.കാന്തിപ്പാറ വില്ലേജിലെ അരിവിളചാലിലെ ഒട്ടാത്തിലും വൻ പാറ ഖനനം നടത്തുന്നുണ്ട്. സിഎച്ച് ആർ മേഖലയിൽ ഉൾപ്പെട്ട ഇവിടെ നിർമാണത്തിന് വിലക്കുണ്ട്. ഇത് മറികടന്നാണ് സ്വകാശ്യഭൂമിയിൽ അമ്പതടി യിലധികം താഴ്ചിയിൽ വിവിധയിടങ്ങളിലായി
പാറ പൊട്ടിച്ച് മാറ്റിയത്.പരാതി ഉയർന്നതോടെ വില്ലേജ്അധികൃതർ ഇടപെട്ട് വാഹനങ്ങൾ പിടികൂടി, സ്റ്റോപ്പ് മെമ്മോ നൽകി.
എന്നാൽ വിഷയത്തിൽ നടപടി ഒഴിവാക്കാനായി സമ്മർദ്ദം ശക്തമെന്നാണ് ആക്ഷേപം. സംഭവത്തിൽ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം വിശദമായ റിപ്പോർട്ട് ഇതിനകം തഹസിൽദാർ സമർപ്പിച്ചു. കളക്ടർ അനുകൂലനടപടി സ്വീകരിച്ചതോടെ ഇവിടങ്ങളിലെല്ലാം നിലവിൽ നിർമാണം നിർത്തിവച്ചു.