വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ റഫറല്‍ ലൈബ്രറി തുടങ്ങി
തൃശൂര്‍: പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിലെ കഥ, കവിത എന്നിവയടങ്ങിയ മൂലഗ്രന്ഥപുസ്തകങ്ങളുടെ റഫറല്‍ ലൈബ്രറി തുടങ്ങി. എട്ടാം ക്ലാസ്സിലെ 'അമ്മമ്മ' എന്ന കഥ പി.സുരേന്ദ്രന്റെ 'ഇലഞ്ഞിപ്പൂമണമുള്ള നാട്ടു വഴികള്‍' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ്. ഒമ്പതാം ക്ലാസ്സിലെ 'ഹരിത മോഹനം' സുസ്‌മേഷിന്റെ 'മരണവിദ്യാലയം' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ്. പത്താംക്ലാസ്സിലെ 'ലക്ഷ്മണസാന്ത്വനം' തുഞ്ചത്തെഴുത്തച്ഛന്റെ 'അദ്ധ്യാത്മരാമായണത്തില്‍' നിന്നെടുത്തതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും മൂലഗ്രന്ഥങ്ങള്‍ കാണുവാനും വായിക്കുവാനുമുള്ള അവസരം ഉണ്ടാകാറില്ല. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളിലെ കഥകളും കവിതകളുമടങ്ങിയ എല്ലാ പുസ്തകങ്ങളും വായിക്കാനും പഠിക്കാനുമുള്ള അവസരം റഫറല്‍ ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഗം കോഡിനേറ്ററും അദ്ധ്യാപകനുമായ ശശി കളരിയേലാണ് എല്ലാ പുസ്തകങ്ങളും സമാഹരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ പാഠപുസ്തകവുമായി ബന്ധപ്പെട്ട റഫറല്‍ ലൈബ്രറിയായിരിക്കും ഇത്. ലൈബ്രറിയുടെ പ്രവര്‍ത്തനോത്ഘാടനം ശ്രീരാമകൃഷ്ണ ഗുരുകുലവിദ്യാമന്ദിരം മാനേജര്‍ സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ വി.എസ്.ഹരികുമാര്‍, വിദ്യാരംഗം കോഡിനേറ്റര്‍ ശശി കളരിയേല്‍, പി.എസ്.രജിത, മനോജ്, അനന്തനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)