മണപ്പുറത്ത് ദേവസ്വം ബോര്‍ഡ് പുള്ളുവന്മാരെ പിഴിയുന്നു
ആലുവ : മണപ്പുറം മഹാദേവക്ഷേത്രത്തിൽ ദേവസ്വം ബോർഡ് പുള്ളുവന്മാരെ പിഴിയുന്നതായി പരാതി. ക്ഷേത്രത്തിലെ നാഗത്തറക്ക് സമീപം ഇരുന്ന് നാഗപ്പാട്ട് പാടുന്ന പുള്ളുവന്മാരിൽ നിന്നും അമിതമായി തറവാടക ഈടാക്കുന്നതായാണ് പരാതി. പരമ്പരാഗതമായി പുള്ളുവൻപാട്ട് പാടുന്നവരുടെ എണ്ണം കു റയുന്നതിനിടെയാണ് ദേവസ്വം ബോർഡിന്റെ ഇരുട്ടടിയും ഉണ്ടായിരിക്കുന്നത്. ഇത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം എറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. വാവ് ദിനമായതിനാൽ കൂടുതൽ ഭക്തർ ക്ഷേത്രത്തിലെത്തിയെന്നും അതിനാൽ കൂടുതൽ വരുമാനം ലഭിച്ചെന്നുമാണ് ദേവസ്വം ബോർഡിന്റെ കണ്ടുപിടുത്തം. എന്നാൽ ഇത്തരത്തിൽ ഒരിക്കലും വിശേഷ ദിവസങ്ങളിൽ പോലും തറവാടക കൂട്ടിയിട്ടില്ലെന്നും പുള്ളവന്മാർ പറയുന്നു. അത്താണി സ്വദേശികളായ നാഗമ്മയും മകൾ സിന്ധുവും മറ്റ് ചില ബന്ധുക്കളുമാണ് ഇവിടെ സർപ്പപ്പാട്ട് പാടാനെത്തുന്നത്. അതേസമയം, നാഗപ്പാട്ട് പാടുന്നവരുടെ സമ്മതത്തോടെ ആണ് വാവ് ദിനമായ ഇന്നലെ തറവാടക കൂട്ടി വാങ്ങിയതെന്ന് മണപ്പുറം ദേവസ്വം ഓഫീസർ ഗണേശരൻ പോറ്റി പറഞ്ഞു. പുളുവന്മാരിൽ നിന്നും അമിത തറവാടക ഈടാക്കുന്ന ദേവസ്വം ബോർഡിന്റെ നടപടി പിൻവലിക്കണമെന്ന് ആലുവ നഗരസിഭ കൗൺസിലർ പി.എസ്. പ്രീത ആവശ്യപ്പെട്ടു.
Comments (0)