വാക്‌സിനുകള്‍ വേണ്ട, പകരം പച്ചമരുന്നുകളുപയോഗിച്ച്‌ കൊറോണയെ തടയാന്‍ ശ്രമിക്കുന്ന രാജ്യം

വാക്‌സിനുകള്‍ വേണ്ട, പകരം പച്ചമരുന്നുകളുപയോഗിച്ച്‌ കൊറോണയെ തടയാന്‍ ശ്രമിക്കുന്ന രാജ്യം

ലോകം മുഴുവന്‍ കൊവിഡ് വാക്‌സിനുകളെ ഉറ്റുനോക്കുമ്ബോള്‍, അത് പൂര്‍ണമായും ഒഴിവാക്കുകയാണ് ഒരു രാജ്യം. കൊവിഡ് -19 നെ കൈകാര്യം ചെയ്യുന്ന രീതിയുടെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ട ഒരു രാജ്യമാണ് ടാന്‍സാനിയ. ഇപ്പോള്‍ കൊവിഡ് വാക്സിനുകള്‍ പുറത്തിറക്കാന്‍ പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിക്കുമ്ബോള്‍ ഇത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴി ഒരുക്കുന്നു. വാക്‌സിനുകള്‍ക്ക് പകരം, പ്രാര്‍ത്ഥിച്ചും, പച്ചമരുന്നുകള്‍ കഴിച്ചും അസുഖം മാറ്റാന്‍ നോക്കുകയാണ് അവര്‍. രാജ്യത്ത് രോഗം നിയന്ത്രണത്തിലാണെന്നും പരമ്ബരാഗത ഔഷധങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ടാന്‍സാനിയ സര്‍ക്കാര്‍ വക്താവായ ഡോ. ഹസ്സന്‍ അബ്ബാസ് ബിബിസി -യോട് പറഞ്ഞു.

അന്താരാഷ്ട്ര അംഗീകാരമുള്ള വാക്സിനുകള്‍ ചികിത്സാപരമായി തെളിയിക്കപ്പെട്ടാല്‍ മാത്രമേ ടാന്‍സാനിയ പരിഗണിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെളിയിക്കപ്പെടാത്ത വാക്‌സിനുകള്‍ ആളുകള്‍ക്ക് ദോഷം ചെയ്യുമെന്നതാണ് അവരുടെ വാദം. രാജ്യത്തിലെ ജനങ്ങള്‍ ഇതിന്റെ പേരില്‍ പേടിക്കേണ്ടതില്ലെന്നും പ്രസിഡന്റ് ജോണ്‍ മഗുഫുളി പറഞ്ഞു.

അയല്‍രാജ്യമായ കെനിയയിലും ഉഗാണ്ടയിലും ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അല്ലെങ്കില്‍ ലോക്ക് ഡൗണുകള്‍ തന്റെ രാജ്യം ഒരിക്കലും അഭിമുഖീകരിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. പകരം ഈ "പൈശാചിക" വൈറസിനെ നശിപ്പിക്കാന്‍ പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ രാജ്യത്തെ 60 ദശലക്ഷം പൗരന്മാരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മെയ് മാസത്തില്‍ 509 കൊവിഡ് കേസുകളും 21 മരണങ്ങളും സ്ഥിരീകരിച്ചപ്പോള്‍, ലോകാരോഗ്യ സംഘടനയ്ക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ത്തി. ടാന്‍സാനിയ പകര്‍ച്ചവ്യാധിയെ കീഴടക്കിയെന്നും, പോസിറ്റീവ് ഫലങ്ങള്‍ കാണിക്കുന്ന ടെസ്റ്റ് കിറ്റുകള്‍ തെറ്റാണെന്നും മഗ്‌ഫുളി തറപ്പിച്ചുപറഞ്ഞു. വൈറസിന്റെ യഥാര്‍ത്ഥ വ്യാപ്തി മനസിലാക്കാന്‍ പ്രയാസമാണ് അവിടെ, മാത്രമല്ല വളരെ കുറച്ച്‌ ആളുകള്‍ക്ക് മാത്രമേ ഈ പ്രശ്നത്തെക്കുറിച്ച്‌ സംസാരിക്കാന്‍ അനുവാദമുള്ളൂ. "രാജ്യം കൊവിഡ് മുക്തമാണ് എന്നല്ല പ്രസിഡന്റ് പറയുന്നത്, പകരം ഈ രോഗം നിയന്ത്രണത്തിലാണ് എന്നാണ്. ഇപ്പോഴും വിദേശികളായ അതിഥികളെ ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇവിടെ നിന്ന് ആളുകള്‍ വിദേശത്തേയ്ക്ക് പോകുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇത് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രീയ നടപടികള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ട്

അതേസമയം പാരമ്ബര്യ ചികിത്സാ രീതികളാണ് ഞങ്ങള്‍ കൂടുതലും പിന്തുടരുന്നത്" അബ്ബാസ് പറഞ്ഞു.

എന്തുകൊണ്ടാണ് വാക്‌സിനെ എതിര്‍ക്കുന്നതെന്ന ചോദ്യത്തിന് അതിനെ എതിര്‍ക്കുകയല്ല, മറിച്ച്‌ പരമ്ബരാഗത പച്ച മരുന്നുകളാണ് തങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്. ആദ്യം വാക്‌സിനുകള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിന് ശേഷം മാത്രമേ തങ്ങള്‍ അത് ഉപയോഗിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ പരമ്ബരാഗത പച്ച മരുന്നുകളൊന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ചികിത്സയായി അംഗീകരിച്ചിട്ടില്ല. കൊറോണ വൈറസിനെക്കുറിച്ചോ ഏതെങ്കിലും രോഗത്തെക്കുറിച്ചോ അനൗദ്യോഗിക വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും മാധ്യമങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊറോണ വൈറസ് അണുബാധയുടെ വര്‍ദ്ധനവ് മൂലം ശവസംസ്കാര ചടങ്ങുകള്‍ അധികമായെന്ന കത്തോലിക്കാ സഭയുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഈ വിലക്ക്.

പല ആഫ്രിക്കന്‍ രാജ്യങ്ങളും കോവാക്സ് എന്ന അന്താരാഷ്ട്ര പദ്ധതിയിലൂടെ വാക്സിനുകള്‍ വാങ്ങുന്നു. ചിലത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. സമ്ബന്ന രാജ്യങ്ങള്‍ വാക്‌സിന്‍ തട്ടിയെടുക്കുമെന്ന ഭയത്താല്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനാണ് കോവാക്സ് പദ്ധതി പരിശ്രമിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ 1.4 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഈ വൈറസ് ബാധയുണ്ടെന്നും 44,164 പേര്‍ മരിച്ചുവെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഗവേഷണത്തില്‍ പറയുന്നു.