"കോവിഡ് നിയന്ത്രണം" കലാകാരന്മാർക്ക് മാത്രം??-രവീന്ദ്രൻ കവർസ്റ്റോറി
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ നിയമം നടപ്പാക്കുന്നത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ചെറുകിട കലാകാരന്മാരെയും അവരുടെ കുടുംബങ്ങളെയുമാണ്. ആൾക്കൂട്ട നിയന്ത്രണം എന്ന പേരിൽ നിരോധനം മൂലം ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തെ ഉത്സവ ആഘോഷങ്ങൾ എല്ലാം വെറും ആചാരങ്ങളായി ചുരുങ്ങുമ്പോൾ ഈ കലാകാരന്മാർ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. കോവിഡ് രോഗാണുവിന്റെ പ്രത്യേക ബാറുകളിലും സിനിമ തീയറ്ററുകളിലും 52 പേർക്ക് സീറ്റുള്ള കെ.എസ്.ആർ.ടി.സി ബസ്സിൽ 75 പേർ കയറി യാത്ര ചെയ്യുമ്പോഴും ഓടിയൊളിക്കും എന്നതാണ്. എന്നാൽ സ്റ്റേജുകളിൽ കയറി അകലം പാലിച്ചും നിയമങ്ങളനുസരിച്ചും കലാപരിപാടി അവതരിപ്പിക്കുന്നവരുടെ അടുത്തേക്ക് കൊറോണ ഓടിയെത്തുകയും ചെയ്യും എന്നതാണ്. ബാറുകളുടെയും, തിയേറ്ററുകളുടെയും അസോസിയേഷനുകൾ സംഘടിതരും അവർ കൃത്യമായി പിരിവെടുത്ത് ലക്ഷങ്ങൾ വേണ്ടിടത്ത് വേണ്ട സമയത്ത് എത്തിക്കും എന്നതിനാൽ കൊറോണ നിയമം അവർക്ക് ബാധകമല്ല. ജീവിക്കാൻവേണ്ടി കഷ്ടപ്പെടുന്ന കലാകാരന്മാരുടെ സംഘടനയ്ക്ക് ലക്ഷങ്ങൾ പിരിച്ചു വേണ്ടിടത്ത് എത്തിക്കാൻ നിവൃത്തിയില്ലാത്തതിനാൽ ആണ് അവർക്ക് കോവിഡ് പ്രോട്ടോകോൾ ബാധകമാകുന്നത്. അഭിമാന ബോധം കൊണ്ട് ആരുടെ മുമ്പിലും കൈനീട്ടാൻ നിവർത്തി ഇല്ലാത്ത ചെറുകിട കലാകാരന്മാർക്ക് മാസത്തിൽ ഒരു കിറ്റ് കിട്ടിയാൽ സുഖലോലുപരായി ജീവിക്കാം എന്നാണ് സർക്കാർ ധരിച്ചുവച്ചിരിക്കുന്നത്. പലരും വാടകയ്ക്ക് താമസിക്കുകയും കുട്ടികളെ പഠിപ്പിക്കാനും ചികിത്സയ്ക്ക് പണമില്ലാതെ ആത്മഹത്യയുടെ വക്കിലാണ് നിൽക്കുന്നത്. ഉത്സവങ്ങൾ നടത്തരുതെന്ന് സർക്കാർ തീരുമാനിക്കുന്നത് മറ്റു ചില താൽപര്യങ്ങൾ കൊണ്ടാകാം. പക്ഷേ അത് കലാകാരന്മാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു കൊണ്ടാകരുത്.
Comments (0)