ജമ്മുകാശ്മീരില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ആറ് സൈനികര്‍ മരിച്ചു; 30പേര്‍ക്ക് ഗുരുതര പരിക്ക്

ജമ്മുകാശ്മീരില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ആറ് സൈനികര്‍ മരിച്ചു; 30പേര്‍ക്ക് ഗുരുതര പരിക്ക്

ജമ്മു : ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ(ഐടിബിപി) ആറ് സൈനികര്‍ കൊല്ലപ്പെട്ടു. ചന്ദന്‍വാരിക്ക് സമീപമായിരുന്നു അപകടം. ബസിന്റെ ബ്രേക്ക് തകര്‍ന്ന് നിയന്ത്രണം തെറ്റി നദിയിലേയ്ക്ക് വീഴുകയായിരുന്നു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മു കാശ്മീരിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 39പേരാണ് ബസിലുണ്ടായിരുന്നത്. ആറ് ഇന്തോ-ടിബത്തന്‍ ബോര്‍ഡര്‍ പൊലീസിലെ അംഗങ്ങളാണ് മരിച്ചത്. പരിക്കേറ്റവരെ വ്യോമമാര്‍ഗം ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമിലെ ഫ്രിസ്‌ലനിലാണ് സംഭവം. അമര്‍നാഥ് യാത്രക്ക് സുരക്ഷ ഒരുക്കാന്‍ നിയോഗിച്ച ജവന്മാരാണ് അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു സംഘം. ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്ക് പോവുകയായിരുന്ന ബസ് റോഡിന്റെ വശത്ത് നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് നദി തീരത്ത് പതിക്കുകയായിരുന്നു. ആറു ജവാന്മാര്‍ മരിച്ചതായും 30 പേര്‍ക്ക് പരിക്കേറ്റതായി ഐ.ടി.ബി.പി. പി.ആര്‍.ഒ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മികിച്ച ചികിത്സ ലഭ്യമാക്കും. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. അമര്‍നാഥ് യാത്ര ഡ്യൂട്ടി കഴിഞ്ഞ വരികയായിരുന്നു ജവാന്മാര്‍. മരണപ്പെട്ടവരുടെ കുടുംബത്തിന് എല്ലാവിധ സഹായവും ചെയ്യുമെന്നും പി.ആര്‍.ഒ കൂട്ടിച്ചേര്‍ത്തു.ജവാന്മാരുടെ മരണത്തില്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച ഗവര്‍ണര്‍, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്തുവരുന്നതായും ഗവര്‍ണര്‍ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 29നാണ് അമര്‍നാഥ് യാത്ര ആരംഭിച്ചത്. അന്ന് മുതല്‍ സി.ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ അതീവ സുരക്ഷയാണ് കശ്മീരില്‍ ഒരുക്കുന്നത്.