സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രചരിപ്പിക്കുന്നതിനായി പരസ്യ കമ്ബനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം അനുവദിച്ച്‌ ഉത്തരവ്

സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രചരിപ്പിക്കുന്നതിനായി പരസ്യ കമ്ബനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം അനുവദിച്ച്‌ ഉത്തരവ്

തിരുവനന്തപുരം: സര്‍ക്കരിന്റെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന കണ്‍സെപ്റ്റ് കമ്മ്യബണിക്കേഷന്‍ എന്ന കമ്ബനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം അംഗീകരിച്ച്‌ ഉത്തരവ്. പരസ്യ കമ്ബനിക്ക് പുറമേ സി-ഡിറ്റിനും നവമാധ്യമ പ്രചാരണത്തിന് സര്‍ക്കാര്‍ പണം അനുവദിച്ചു. അതേസമയം പെരുമാറ്റചട്ടം നിലനില്‍ക്കേ സര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്ക് പണം അനുവദിച്ചത് വിവാദമായിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യം മുഴുവന്‍ പ്രചരിപ്പിക്കുന്നതിനായി പിആര്‍ ഏജന്‍സിയെ കണ്ടെത്താന്‍ ടെണ്ടര്‍ വിളിച്ചിരുന്നു. ആദ്യ ടെന്‍ഡറില്‍ കുറച്ച്‌ കമ്ബനികള്‍ മാത്രമായിരുന്നു പങ്കെടുത്തത്. വീണ്ടും ടെന്‍ഡര്‍ വിളിച്ചതിനെ ശേഷമാണ് കണ്‍സെപ്റ്റ് എന്ന ഏജന്‍സിയെ തിരഞ്ഞെടുത്തത്. 1,51,23,000 രൂപയാണ് കമ്ബനി പ്രതിഫലം ആവശ്യപ്പെട്ടത്. ഈ പണം പിആര്‍ കമ്ബനിക്ക് നല്‍കനാണ് കഴിഞ്ഞ മാസം 26ന് അതായത് പെരുമാറ്റചട്ടം നിവലവില്‍വന്ന ദിവസം ഉത്തരവിറങ്ങിയത്.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാനായി കോടികളുടെ ധൂര്‍ത്തു നടക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സ്വകാര്യ ഏജന്‍സിക്ക് പണം അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ സി-ഡിറ്റിന് 13.26 ലക്ഷം രൂപ അനുവദിച്ചുകൊണ്ടും അതേദിവസം തന്നെ ഉത്തരവിറക്കി. പെരുമാറ്റചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ പരസ്യങ്ങളോ പ്രചാരങ്ങളോ പാടില്ലെന്നിരിക്കെ എന്തിനാണ് പണം അനുവദിച്ചതെന്നാണ് ആക്ഷേപം.

എന്നാല്‍ ജനുവരിയില്‍ തന്നെ കമ്ബനിയെ തിരഞ്ഞെടുക്കുകയും അവര്‍ പ്രവര്‍ത്തനം തുടങ്ങിയെന്നുമാണ് പിആര്‍ഡി ഡയറക്ടര്‍ ഹരികിഷോര്‍ അറിയിച്ചു. ഒരു വര്‍ഷത്തേക്കാണ് ടെന്‍ഡര്‍ അതിനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപടിക്രമം പൂര്‍ത്തിയാക്കി ഇറക്കുകമാത്രമാണ് ചെയ്തതെന്നും അദേഹം വ്യക്തമാക്കി. അതേസമയം സി-ഡിറ്റ് സമര്‍പ്പിച്ച ഒരു ശുപാര്‍ശയില്‍ ഇപ്പോള്‍ പണം അനുവദിച്ചെങ്കിലും പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ നവമാധ്യമങ്ങള്‍ വഴി പ്രചാരണത്തിന് അനുവാദമില്ലെന്നും ഹരികിഷോര്‍ പറഞ്ഞു.