സാങ്കേതിക സര്‍വലാശാലയുടെ കീഴിലുള്ള കോളേജുകള്‍ ജനുവരി നാലിന് തുറക്കും

സാങ്കേതിക സര്‍വലാശാലയുടെ കീഴിലുള്ള കോളേജുകള്‍ ജനുവരി നാലിന് തുറക്കും

തിരുവനന്തപുരം: എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ 2021 ജനുവരി 4 മുതല്‍ വീണ്ടും ക്ലാസുകള്‍ ആരംഭിക്കും. 50 ശതമാനം കുട്ടികള്‍ മാത്രമേ കോളേജില്‍ എത്തുന്നുള്ളു എന്നുറപ്പാക്കാനായി രണ്ട് ഷിഫ്റ്റുകളിലായി ശനിയാഴ്ചകള്‍ ഉള്‍പ്പടെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് ക്ലാസുകള്‍ നടക്കുക. യുജിസിയുടെയും സര്‍ക്കാരിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അനുവര്‍ത്തിക്കേണ്ട വിശദമായ നടപടിക്രമങ്ങള്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം ടെക്, എം ആര്‍ക്ക്, എം പ്ലാന്‍ ക്ലാസുകള്‍, അഞ്ചാം സെമസ്റ്റര്‍ എം സി എ , ഒമ്ബതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം സി എ, ഒമ്ബതാം സെമസ്റ്റര്‍ ബി ആര്‍ക്ക്, ഏഴാം സെമസ്റ്റര്‍ ബി ടെക് ക്ലാസുകളാണ് ജനുവരി 4 മുതല്‍ ആരംഭിക്കുന്നത്.

അഞ്ചാം സെമസ്റ്റര്‍ ബി ടെക്, ബി എച് എം സി ടി, ബി ആര്‍ക്ക്, അഞ്ച് , ഏഴ് സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം സി എ, ഏഴാം സെമസ്റ്റര്‍ ബി ആര്‍ക്ക് കോണ്‍ടാക്റ്റ് ക്ലാസുകള്‍ ജനുവരി 18ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം സി എ/ ഇന്റഗ്രേറ്റഡ് എം സി എ, മൂന്നാം സെമസ്റ്റര്‍ ബി ടെക്, ബിഎച്‌എംസിടി, ബി ഡെസ്, ബി ആര്‍ക്ക്, മൂന്നാം സെമസ്റ്റര്‍ ബി ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 1 മുതല്‍ ആരംഭിക്കും. ഒന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച്‌ 1 മുതലും ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 22 നും ക്ലാസ് തുടങ്ങും. സെമസ്റ്റര്‍ പരീക്ഷകള്‍ 2021 ഫെബ്രുവരി-മാര്‍ച്ച്‌ കാലയളവില്‍ നടത്തും.

കുറഞ്ഞത് 6 അടി എങ്കിലും ശാരീരിക അകലം പാലിച്ചായിരിക്കും ക്ലാസുകള്‍ നടത്തുക. കണ്ടയിന്‍മെന്റ് സോണുകളിലുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും കോളേജുകളില്‍ ഹാജരാകേണ്ടതില്ല. ഓണ്‍ലൈനായി പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് പാഠ്യവിഷയങ്ങള്‍ കോളേജുകള്‍ നല്‍കണം. അന്തര്‍ദ്ദേശീയ യാത്രാ നിയന്ത്രണങ്ങള്‍ മൂലം കോളേജുകളില്‍ ഹാജരാകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാം. പഠന യാത്രകള്‍, ഫീല്‍ഡ് വര്‍ക്കുകള്‍ തുടങ്ങിയവയും ശാരീരിക അകലം സാധ്യമല്ലാത്ത എല്ലാ പ്രോഗ്രാമുകളും പാഠ്യേതര പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിയന്ത്രിക്കണമെന്നും സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.