മഴക്കെടുതിയില്‍ കേരളത്തില്‍ എട്ട് മരണം
തിരുവനന്തപുരം : കേരളത്തില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ട് ആയി. ഇവിടെ അതിതീവ്ര മഴ തുടരുന്നതിനിടെ വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും ശക്തമാകുകയാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മുണ്ടക്കയത്ത് ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. ചുമട്ടുതൊഴിലാളിയായ റിയാസാണ് മരിച്ചത്. കൂട്ടിക്കല്‍ ചപ്പാത്തിലാണ് അപകടമുണ്ടായത്.കുട്ടമ്പുഴയില്‍ ഇന്നലെ വനത്തിനുള്ളില്‍ പശുവിനെ തേടി പോയി കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴയില്‍ മരത്തിന്റെ കമ്പ് ഒടിഞ്ഞ് വീണ് തലയില്‍ വീണാണ് പൗലോസ് മരിച്ചത്. ഇന്നലെ ഫോറസ്റ്റും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും പൗലോസിനെ കണ്ടെത്താനായിരുന്നില്ല. കനത്ത മഴയായതിനാല്‍ രാത്രിയില്‍ അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ വീണ്ടും നാട്ടുകാരും വനം വകുപ്പും നടത്തിയ തെരച്ചിലിന് ഒടുവിലാണ് പൗലോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ പേരാവൂര്‍ നെടുംപുറംചാലില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഒഴുക്കില്‍പ്പെട്ടാണ് രണ്ടര വയസുകാരിയെ കാണാതായത്. പേരാവൂര്‍ മേലെവെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് കാണാതായ ആള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. ഉരുള്‍പൊട്ടലില്‍ കണ്ണൂര്‍ പേരാവൂരില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. പേരാവൂരില്‍ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പേരാവൂര്‍ നെടുംപോയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കണിച്ചാറിലും പൂളക്കുറ്റിയിലും ഉള്‍പ്പെടെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നെടുംപോയിലില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
Comments (0)