കൊച്ചിയിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ മേനക ഗാന്ധി വിവരങ്ങൾ തേടി....

കൊച്ചിയിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ മേനക ഗാന്ധി വിവരങ്ങൾ തേടി....

കൊച്ചി : കൊച്ചിയില്‍ ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ ബി.ജെ.പി. നേതാവും എം.പിയുമായ മനേക ഗാന്ധി വിവരങ്ങള്‍ തേടി. എറണാകുളം റൂറല്‍ എസ്.പി.. കെ. കാര്‍ത്തിക്കില്‍ നിന്നാണ് മനേക ഗാന്ധി വിവരങ്ങള്‍ ആരാഞ്ഞത്. കൂടാതെ സംഭവത്തില്‍ കൃത്യമായ നടപടി സ്വീകരിച്ച പൊലീസിനെ മനേക ഗാന്ധി അഭിനന്ദിച്ചു.

എറണാകുളം അത്താണി ഭാഗത്ത് കഴിഞ്ഞ ദിവസമാണ് ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച സംഭവമുണ്ടായത്. നായയുടെ കഴുത്തില്‍ കുരുക്കിട്ട ശേഷം റോഡിലൂടെ കാര്‍ ഓടിച്ചു പോവുകയായിരുന്നു ഡ്രൈവര്‍. നായയെ ക്രൂരമായി പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അഖില്‍ എന്നയാളാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

നായയെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത് അഖില്‍ ചോദ്യം ചെയ്തെങ്കിലും ഡ്രൈവര്‍ ഇയാളോട് തട്ടിക്കയറുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് ചെങ്ങമനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കാറോടിച്ചിരുന്ന നെടുമ്ബാശ്ശേരി ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെ പിടികൂടുകയുമായിരുന്നു. ഇയാളുടെ അറസ്റ്റ് വെള്ളിയാഴ്ച രാത്രിയോടെ രേഖപ്പെടുത്തുകയും ചെയ്തു. ഇയാളുടെ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിന് കൈമാറി. ഇയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ നായ നിലവില്‍ ദയ ആനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ സംരക്ഷണയിലാണ്.