കക്കാടംപൊയില്‍ പി.വിആര്‍ നാച്വറോ റിസോര്‍ട്ടിലെ അനധികൃത തടയണകള്‍; രണ്ടു മാസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കക്കാടംപൊയില്‍ പി.വിആര്‍ നാച്വറോ റിസോര്‍ട്ടിലെ അനധികൃത തടയണകള്‍; രണ്ടു മാസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കക്കാടംപൊയിലില്‍ സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച  പീ.വീ.ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാലു തടയണകളും പൊളിച്ചുനീക്കണമെന്ന പരാതിയില്‍ കോഴിക്കോട് കളക്ടര്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്റെ ഹരജിയിലാണ് ജസ്റ്റിസ് പി.വി ആശയുടെ ഉത്തരവ്. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കളക്്ടര്‍ നടപടിയെടുക്കണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ക്കും തടയണകള്‍ക്കുമെതിരായി  വിവിധ വ്യക്തികള്‍ നല്‍കിയപരാതിയില്‍ രണ്ടു വര്‍ഷമായിട്ടും കോഴിക്കോട് കളക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.ഇതോടെയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ടി.വി രാജന്‍ ഹൈക്കടതിയെ സമീപിച്ചത്. രാജനുവേണ്ടി അഭിഭാഷകരായ സി.എച്ച് മുഹമ്മദ് ഇഖ്ബാല്‍, രഹ്‌ന ഷുക്കൂര്‍ എന്നിവര്‍ ഹാജരായി.ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 2018 ല്‍  കോഴിക്കോട് ജില്ലാ കളക്ടര്‍ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട  ടൂറിസം പദ്ധതിയുടെ ഭാഗമാണ് പീവീആര്‍ നാച്വറോ റിസോര്‍ട്ട്.
ഇരുവഴഞ്ഞി പുഴയിലേക്ക് വെള്ളമെത്തുന്ന   സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് യാതൊരു അനുമതിയില്ലാതെ 4 തടയണകള്‍കെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.  നീരുറവക്ക് കുറുകെ റോഡ്പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.ഇരുവഴഞ്ഞിപുഴയിലക്കുള്ള സ്വാഭാവിക നീരഴുക്കിന്റെ ഉല്‍ഭവ സ്ഥാനത്ത് 50 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും ഒന്നര മീറ്റര്‍ താഴ്ചയിലുമായും  വെള്ളം തടയണകെട്ടി തടഞ്ഞിരിക്കുന്നു. റിസോര്‍ട്ടിലേക്കുള്ള റോഡ് ഈ നീരൊഴുക്ക് തടഞ്ഞാണ് നിര്‍മ്മിച്ചിട്ടുള്ളത്. റോഡിനടിയിലൂടെ പൈപ്പുവഴിയാണ് 40 മീറ്റര്‍ നീളവും 17 മീറ്റര്‍വീതിയും രണ്ടര മീറ്റര്‍ ആഴവുമുള്ള രണ്ടാമത്തെ തടയണയിലേക്ക് ഒഴുക്കിവിടുന്നത്. ഇതിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് 22 മീറ്റര്‍ നീളത്തിലും 2 മീറ്റര്‍ വീതിയിലും കോണ്‍ക്രീറ്റ് തടയണയും ഈ തടയണയുടെ തെക്കുഭാഗത്തായി 15 മീറ്റര്‍ നീളത്തിലും വീതിയിലുമായി മറ്റൊരു തടയണയും നിര്‍മ്മിച്ചിട്ടുണ്ടെന്നും  വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭീവിക നീരൊഴുക്ക് തടസപ്പെടുത്തിയാണ് തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഈ തടയണകള്‍ക്കുതാഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്‌ക്കൂളും ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്‌കൂളുമുള്ളത്.
ഇവിടെ നിന്നും ഒന്നര കിലോ മീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ നിര്‍മ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. തന്റെ ഭാഗംകേള്‍ക്കാതെയാണ് മലപ്പുറം കളക്ടറുടെ ഉത്തരവെന്നു ചൂണ്ടികാട്ടി  പി.വി അന്‍വറിന്റെ ഭാര്യാപിതാവ് നേടിയ സ്റ്റേ ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടയണപൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണഭാഗികമായി പൊളിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു. എന്നാല്‍ കോഴിക്കോട് കളക്ടര്‍ പീ.വീ.ആര്‍ ന്ാച്വറോ പാര്‍ക്കിലെ അനധികൃത തടയണകള്‍ക്കെതിരെ ഉയര്‍ന്ന പരാതികളില്‍ നടപടിയെടുക്കാന്‍ തയ്യാറായിരുന്നില്ല.