സ്നേഹ കൂടൊരുക്കി ജയസൂര്യ; സരസ്വതിയും കുടുംബവും ഇനി സുരക്ഷിത ഭവനത്തിൽ

സ്നേഹ കൂടൊരുക്കി ജയസൂര്യ; സരസ്വതിയും കുടുംബവും ഇനി  സുരക്ഷിത ഭവനത്തിൽ

മുളന്തുരുത്തി: കോവിഡ്  മഹാമാരിക്കിടയിലും നടൻ ജയസൂര്യയുടെ കാരുണ്യം. നിർധനർക്ക് വീട് വെച്ച് നൽകുന്ന സ്നേഹക്കൂട് പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് മുളന്തുരുത്തി കാരിക്കോട് സ്വദേശി സരസ്വതിക്കും കുടുംബത്തിനും വീട് നൽകിയത്. ഇന്നലെ രാവിലെ നടന്ന ഗൃഹപ്രവേശന ചടങ്ങിൽ ജയസൂര്യ പങ്കെടുക്കാൻ എത്തിയപ്പോൾ ടി.വി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും സമ്മാനമായി നൽകി.

ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു സരസ്വതിക്കും ഭർത്താവ് കണ്ണനും രണ്ട് മക്കൾ അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ഇവരുടെ ദുരവസ്ഥ അറിഞ്ഞ സ്നേഹക്കൂട് പദ്ധതിയിൽ നടൻ വീട് നൽകുകയായിരുന്നു. വീടിന്റെ മേൽക്കൂര കനംകുറഞ്ഞ കോൺക്രീറ്റ് പാനൽ ഉപയോഗിച്ചാണ്. രണ്ടു ബെഡ്റൂമും അടുക്കളയും, ഹാളും, ബാത്റൂം ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് നിർമ്മിച്ചു നൽകിയത്. ഇതിന്റെ നിർമ്മാണ ചിലവ് ആറു ലക്ഷം രൂപയാണ്.രണ്ടുമാസം കൊണ്ടാണ് വീട് നിർമ്മിച്ചത്.

സ്നേഹക്കൂടിന്‍റെ ആദ്യ വീട് തൃപ്പൂണിത്തുറയിൽ ആണ് പണിതു നൽകിയത്.  ഓരോ വർഷവും അഞ്ച് വീടുകൾ നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് ജയസൂര്യ പറഞ്ഞു.സ്വന്തമായി ഭൂമി ഉള്ളവർക്കും, സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവർക്കും ആണ് നിലവിൽ വീട് നൽകുന്നത്. ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന ഈ അവസ്ഥയിൽ നിന്നും മനോഹരമായ വീട്ടിലേക്കുള്ള താമസവും അതിനു നിമിത്തമായ ജയസൂര്യയോടുള്ള നന്ദിയും പറഞ്ഞിരിക്കാൻ പറ്റാത്തതാണെന്ന് സരസ്വതി പറഞ്ഞു.