കോടതി ഉത്തരവുകളെ പുല്ലുവില കല്പിക്കുന്നവരാണ് പോലീസിനെ ജനങ്ങളിൽ നിന്നകറ്റുന്നത്, അഡ്വ: ഗണേഷ് പറമ്പത്ത് ,നാഷണൽ ചെയർമാൻ സെൻട്രൽ ഹ്യുമൻ റൈറ്റ്സ് ഫോറം
പൊതുജനങ്ങളോട് മാന്യമായി ഇടപെടണമെന്ന ഹൈ കോടതിയുടെ നിർദ്ദേശം പാലിക്കപ്പെടുന്നില്ല എന്നതിന് സമീപകാല സംഭവങ്ങൾ നേർ സാക്ഷ്യങ്ങളാണ്.
ഗാർഹിക പീഡനത്തെതുടർന്നാണ് മൊഫിയ പാർവീൺ എന്ന യുവതി ആലുവ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.പരാതിക്കാരിയെ പോലീസ് സ്റ്റേറ്റിനിലേക്ക് വിളിച്ചുവരുത്തുകയും,പിതാവിനോട് "താനാണോ ഇവളുടെ തന്ത "എന്ന് ചോദിച്ചു അധിക്ഷേപിക്കുകയും ചെയ്ത ആലുവ സി ഐ യെ എന്ത് പേര് പറഞ്ഞാണ് വിളിക്കുക!! ആല C I യിൽ നിന്ന് നീതി ലഭിക്കില്ലെന്നു ഉറപ്പുള്ളതുകൊണ്ടാണ് യുവതി ഇയാളുടെ പേരെഴുതിവച്ചിട്ട് ആത്മഹത്യ ചെയ്തത്. C I ചീത്ത വിളിച്ചതായും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയതായും യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. നമ്മുടെ പോലീസ്കാർക്ക് നീതിയും നിയമവും അന്യമാവുകയാണോ.!!
തെന്മല പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ രാജീവ് എന്നയാളെ ക്രൂരമായി മർദ്ദിക്കുകയും വിലങ്ങണിയിച്ചു കൈവരിയിൽ പൂട്ടിയിടുകയും ചെയ്തത് അടുത്ത കാലത്താണ്. ഈ സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡി വൈ എസ് പി യുടെ റിപ്പോർട്ട് ഉണ്ടായിട്ടും അവർ സർവീസിൽ തുടരുന്നത് ഞെട്ടലുള്ളവക്കുന്നതാണെന്നു ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു.
നൽകിയ പരാതിക്ക് രസീത് ചോദിച്ചതിനാണ് പോലീസ് രാജീവിനെ ചൂരൽ കൊണ്ടടിച്ചതും സ്റ്റേഷനിലെ കൈവരിയിൽ വിലങ്ങിട്ട് പൂട്ടിയതും. ഇത്തരം പ്രാകൃതമായ നടപടികൾ അടിക്കടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ആഭ്യന്തര വകുപ്പ് ലാഘവത്തോടെയാണ് കാണുന്നത് എന്നുള്ളതാണ് എന്നെ കൂടുതൽ വിഷമിപ്പിക്കുന്നത്. ഒരാൾ ഫോണിൽ വിളിച്ചു അസഭ്യം പറഞ്ഞതിനെതിരെയാണ് രാജീവ് എന്നയാൾ തെന്മല പോലീസ് സ്റ്റേഷനിൽ എത്തിയത്.നൽകിയ പരാതിയുടെ രസീത് ചോദിച്ചപ്പോൾ പോലീസിന്റെ മട്ടും ഭാവവും മാറി. പിന്നീട് ഏതൃകക്ഷിയെ വിളിച്ചുവരുത്തി പരാതിക്കാരനെതിരെ മൊഴിയെടുക്കുകയും IPC 294 ബി, KP ആക്ടിലെ 120(o) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കള്ളകേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.ഇവരാണോ നീതിയും നിയമവും പാലിക്കുന്നത്!! ഇവരാണോ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നത്!!
മറ്റൊരു കേസിൽ പരാതിക്കാരനെ കറുത്തവനെന്നു വിളിച്ചാക്ഷേപിച്ചതും, വേറൊരാളോട് "പോലീസ് സ്റ്റേഷൻ പുറമ്പോക്കിലുള്ളവർക്കുള്ളതല്ല "എന്ന് പറഞ്ഞു അവഹേളിച്ചതും ഇതേ സ്റ്റേഷനിൽ നിന്നാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.ആത്മഹത്യ ചെയ്തയാളുടെ ഫോൺ തട്ടിയെടുക്കുകയും അതിൽ ഔദ്യോഗിക സിം ഇട്ട് ഉപയോഗിക്കുകയും ചെയ്ത ചാത്തന്നൂർ S I യും പോലീസ് സേനയ്ക്ക് അപമാനമാണ്. ചില പോലീസുകാരുടെ പെരുമാറ്റം കണ്ടാൽ പോലീസ് സ്റ്റേഷൻ അവരുടെ തറവാട് സ്വത്താണെന്നു തോന്നും.പോലീസ് അക്കാഡമിയിൽ നിന്നും എന്താണാവോ ഇവർക്ക് ട്രെയിനിംഗ് കൊടുക്കുന്നത്!!
ഡ്യൂട്ടിയിലുള്ള എല്ലാ പോലീസുകാരും പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതുമാണെന്നും കേരള പോലീസ് ആക്ടിലെ 29(1)-ാം വകുപ്പിലും, പോലീസ് ഉദ്യോഗസ്ഥർ അനാവശ്യമായ അക്രമണോല്സുകതാ പ്രകടനം വർജിക്കണമെന്നും പ്രകോപനമുണ്ടായാൽ തന്നെയും ആത്മനിയന്ത്രണമില്ലാത്ത പെരുമാറ്റം ഒഴുവാക്കണമെന്നും 29(4)-ാം വകുപ്പിലും വ്യക്തമായി പറയുന്നുണ്ട്.ഏമാന്മാർ അതൊന്നു വായിച്ചുപഠിക്കുന്നത് നല്ലതായിരിക്കും.
സാധാരണക്കാർക്ക് അഭയകേന്ദ്രമാവേണ്ട പോലീസ് സ്റ്റേഷൻ ഇങ്ങനെ പീഡന കേന്ദ്രങ്ങളായി അധഃപതിച്ചു പോകരുത്.പ്രാകൃതമായ ഭാഷയും പെരുമാറ്റവുമാണ് പോലീസുകാരിൽ പലരും ഇപ്പോഴും പിന്തുടരുന്നത്.മാറ്റങ്ങൾ ഉണ്ടാവണം.പോലീസ് ജനകീയമാവണം.അങ്ങനെ ആക്കാനുള്ള ആർജ്ജവം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. നമ്മുടെ പോലീസുകാർ മനുഷ്യരായി പരിവർത്തനം ചെയ്യപ്പെടണം.
അഡ്വ.ഗണേഷ് പറമ്പത്ത്
നാഷണൽ ചെയർമാൻ
സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം



Author Coverstory


Comments (0)