ശബരി റെയിൽപ്പാതയ്ക്ക് വീണ്ടും ചൂളംവിളി ഉയരുന്നു
മൂവാറ്റുപുഴ: വർഷങ്ങളായി ചുവപ്പുനാടയിൽ കുരുങ്ങി കിടന്നിരുന്ന അങ്കമാലി-ശബരി റെയിൽപാതക്ക് വീണ്ടും പച്ചക്കൊടി. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയുടെ അമ്പത് ശതമാനം കിഫ്ബി വഴി ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതോടെയാണ് പദ്ധതിക്ക് പുതു ജീവനാകുന്നത്.
ശബരി പാതയുടെ മൊത്തം ചിലവായ 2815 കോടി രൂപയുടെ പികുതി സംസ്ഥാനം ഏറ്റെടുക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 1997 - 98 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ശബരിമല ദർശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്ക് കിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നിൽ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്.
എന്നാൽ റെയിൽ യാഥാർത്ഥ്യമാക്കുന്നതിന് പിന്നീട് കേന്ദ്ര സർക്കാർ കാര്യമായ താൽപര്യം പ്രകടിപ്പിച്ചില്ല.നിർമാണ ചിലവിന്റെ പകുതി
സംസ്ഥാനം വഹിക്കണമെന്ന നിലപാടിലായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രാലയം,എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാനം മുഖം തിരിക്കുകയായിരുന്നു.
ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രം എന്ന നിലയിൽ റെയിവേ മുഴുവൻ ചിലവും വഹിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്. ഇതിന് കേന്ദ്രം വഴങ്ങാതെ നന്നതോടെ പദ്ധതി പൂർണമായി നിലയ്ക്കുകയായിരുന്നു. ഇതിനിടെ പദ്ധതിക്കായി സ്ഥലം കല്ലിട്ട് തിരിച്ച് ഭൂഉടമകളും ആക്ഷൻ കൗൺസിലും
രംഗത്ത് വന്നെങ്കിലും ഇരു സർക്കാരുകളും നിലപാടിൽ ഉറച്ച് നിന്നു. നിരവധി സമരങ്ങളും ക്ഷോഭങ്ങളും നടന്നെങ്കലും കാര്യമായ ഫലം ഉണ്ടായില്ല. ഇതിനിടെയാണ് പദ്ധതി ചിലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിക്ക് പുതുജീവനേകുന്നതാണ് സർക്കാർ തീരുമാനം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഗതാഗത വികസനത്തിനും സാമൂഹ്യ പുരോഗതിക്കും റെയിൽവേ അനിവാര്യമാണ്.



Author Coverstory


Comments (0)