വീട് ജപ്തി ചെയ്തതോടെ രണ്ട് വര്‍ഷത്തോളമായി കുടുംബം കഴിഞ്ഞത് വരാന്തയില്‍; പണി തീരാത്ത വീടിന്റെ ബാക്കി പണി തീര്‍ക്കാനുള്ള പണം നല്‍കിയും അമേരിക്കന്‍ മലയാളിയുടെ കാരുണ്യ വര്‍ഷം

വീട് ജപ്തി ചെയ്തതോടെ രണ്ട് വര്‍ഷത്തോളമായി കുടുംബം കഴിഞ്ഞത് വരാന്തയില്‍; പണി തീരാത്ത വീടിന്റെ ബാക്കി പണി തീര്‍ക്കാനുള്ള പണം നല്‍കിയും അമേരിക്കന്‍ മലയാളിയുടെ കാരുണ്യ വര്‍ഷം

കടുത്തുരുത്തി: രണ്ട് വര്‍ഷത്തോളമായി വീട്ടു വരാന്തയില്‍ കഴിഞ്ഞ പ്രദീപ് കുമാറിനും കുടുംബത്തിനും ഇനി സ്വന്തം വീടിന്റെ സുരക്ഷിതത്വത്തില്‍ ഉറങ്ങാം. വീട് നിര്‍മ്മിക്കാനെടുത്ത ബാങ്ക് വായ്പ പെരുകിയതോടെ ജപ്തിയായ വീടിന്റെ വരാന്തയില്‍ കിടന്നിരുന്ന പ്രദീപ് കുമാറിന്റെ കഥ കേട്ട് വായ്പ തിരിച്ചടച്ച്‌ വീട് തിരികെ നല്‍കി അമേരിക്കന്‍ മലയാളി. അമേരിക്കന്‍ മലയാളിയായ ജിമ്മി കുന്നശ്ശേരിയാണ് പ്രദീപിനും കുടുംബത്തിനും മേല്‍ സഹായത്തിന്റെ കാരുണ്യ വര്‍ഷം ചൊരിഞ്ഞത്.

ആയാംകുടി പുതുശേരിക്കര പാറത്തൊട്ടിക്കാലായില്‍ പ്രദീപ് കുമാറിനും കുടുംബത്തിനുമാണു ഞീഴൂര്‍ പാഴുത്തുരുത്ത് സ്വദേശിയും അമേരിക്കയിലെ ടെക്‌സാസില്‍ താമസക്കാരനുമായ ജിമ്മി കുന്നശ്ശേരി വായ്പ തിരിച്ചടച്ച്‌ വീടിന്റെ ആധാരം വീണ്ടെടുത്തു നല്‍കിയത്.

മാത്രമല്ല പണി തീരാത്ത വീടിന്റെ ബാക്കി പ്ലാസ്റ്ററിങ്, കതകുകള്‍, ജനലുകള്‍, ഫ്‌ളോറിങ്, പെയിന്റിങ് തുടങ്ങിയ അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ ആവശ്യമുള്ള തുക ഈ കുടുംബത്തിന് കൈമാറാനും ജിമ്മി സുമനസ്സ് കാട്ടി.

ഒരു സ്വകാര്യ ബാങ്കില്‍ നിന്നും 2013ല്‍ ലോണ്‍ എടുത്താണ് പ്രദീപ് പണി തുടങ്ങിയത്. കോണ്‍ക്രീറ്റ് ചെയ്തു വീട്ടില്‍ താമസം തുടങ്ങി. അമ്മയ്ക്കും മകള്‍ക്കും അസുഖങ്ങള്‍ ബാധിച്ചതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതായി. ബാങ്ക് വീട് ജപ്തി ചെയ്തു. തുടര്‍ന്ന് ഇവര്‍ രണ്ട് വര്‍ഷത്തോളമായി വീടിന്റെ വരാന്തയില്‍ കഴിഞ്ഞു വരികയായിരുന്നു. ജിമ്മി കുന്നശ്ശേരി സുഹൃത്ത് മുഖേന 2.35 ലക്ഷം രൂപ ബാങ്കിന് നല്‍കിയാണ് ജപ്തി ചെയ്ത വീട് തിരികെ വാങ്ങി നല്‍കുന്നത്. വീടിന്റെ താക്കോലും ആധാരവും ജിമ്മിയുടെ സുഹൃത്ത് ജോര്‍ജ് ജി. മുരിക്കന്‍ കഴിഞ്ഞ ദിവസം കുടുംബത്തിന് കൈമാറിയിരുന്നു.