വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്നെ
ഇടുക്കി : ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണ്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.05 അടിയായി. വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയേ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാല്‍ ജലനിരപ്പ് വീണ്ടും ഉയരും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്. അതിനിടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവില്‍ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. പറമ്പിക്കുളത്ത് നിന്നും തുണക്കടവില്‍ നിന്നും 8500 ക്യുസെക്‌സ് വെള്ളം മാത്രമാണ് ഇപ്പോള്‍ പെരിങ്ങല്‍ക്കുത്തില്‍ എത്തുന്നത്.
Comments (0)