ടൂറിസം മേഖലയില്‍ ജനകീയബദലുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ മറവന്‍തുത്ത് ഇനി വര്‍ണ്ണ തുരുത്താകും

ടൂറിസം മേഖലയില്‍ ജനകീയബദലുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ മറവന്‍തുത്ത് ഇനി വര്‍ണ്ണ തുരുത്താകും

കോട്ടയം: വീടുകളുടെ ചുറ്റുമതിലുകളില്‍ വരയുടെ വര്‍ണവസന്തമൊരുക്കി മറവന്‍തരുത്തു ഗ്രാമപഞ്ചായത്തില്‍ 'ആര്‍ട് സ്ട്രീറ്റ്' പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ മറവന്തുരുത്തു ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായാണ് 'കലയുടെ തെരുവ്' ഒരുക്കുന്നത്. മറവന്‍തുരുത്തിലെ കൂട്ടുമേല്‍ മുതല്‍ മൂഴിക്കല്‍ വരെയുള്ള ഭാഗത്താണ് ആര്‍ട്ട് സ്ട്രീറ്റ് ഒരുങ്ങുന്നത്. തദ്ദേശവാസികളുടെ ചുറ്റുമതിലില്‍ പ്രതിഫലമൊന്നുമില്ലാതെയാണ് കലാകാരന്മാര്‍ ചിത്രങ്ങളൊരുക്കുന്നത്. സന്നദ്ധരായ വീട്ടുകാര്‍ പെയിന്റുമാത്രം വാങ്ങി നല്‍കിയാല്‍ മതി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന യുവജന കൂട്ടായ്മ 'ക്യാപ്റ്റന്‍സ് സോഷ്യല്‍ ഫൗണ്ടേഷന്‍' ആണ് ആര്‍ട്ട് സ്ട്രീറ്റ് തയാറാക്കുന്നത്. ഡല്‍ഹിയും കേരളവുമടക്കമുള്ള ഇന്ത്യയിലെ വിവിധ ക്യാമ്പസുകളില്‍നിന്നും വിവിധ പ്രദേശങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കലാപ്രവര്‍ത്തകരാണു വരക്കാനെത്തിയത്. വിദ്യാര്‍ഥികളും അധ്യാപകരുമായ ചിത്രകലാപ്രവര്‍ത്തകര്‍, സ്വന്തമായി സ്ഥാപനം നടത്തുന്നവര്‍, തെരുവില്‍ ചിത്രം വരയ്ക്കുന്നതു സാമൂഹിക പ്രതിബദ്ധതയായി കാണുന്നവര്‍, അമ്മമാര്‍ തുടങ്ങി വലിയ കൂട്ടായ്മയാണ് ഇതിനായി കുലശേഖരമംഗലം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ മൂന്നുദിവസമായി നടന്ന ചിത്രരചനാക്യാമ്പില്‍ പങ്കെടുത്തത്. മൂന്നുമാസം കൊണ്ട് ആര്‍ട്ട് സ്ട്രീറ്റ് പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. കടൂക്കര വിജ്ഞാന പ്രദായനി വായനശാല, കുലശേഖരമംഗലം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍, സ്വകാര്യവ്യക്തികളുടെ ചുവരുകള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടം. കൂട്ടുമേല്‍ മുതല്‍ വാട്ടര്‍ സ്ട്രീറ്റ് ആയ മൂഴിക്കല്‍ വരെ എത്തിച്ചേരും വിധം എല്ലാ ചുവരുകളിലും വ്യക്തികളുടെ അനുമതിയോടെ ചിത്രം വരയ്ക്കും. തെരുവുനടത്തങ്ങളും കഥ പറച്ചില്‍ പരീക്ഷണങ്ങളും തുടങ്ങുമെന്നു ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. ആര്‍ട്ട് സ്ട്രീറ്റിന്റെ ഒന്നാംഘട്ടം ഞായറാഴ്ചയോടെ പൂര്‍ത്തിയായി. അടുത്തഘട്ടം സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കുമെന്ന്് മറവന്തുരുത്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ പറഞ്ഞു. മറവന്‍തുരുത്തിലെ പക്ഷികള്‍, ചിത്രശലഭങ്ങള്‍, പഴയകാല ചരിത്രം, ആറ്റുവേലയും തീയാട്ടും ഗരുഡന്‍തൂക്കവും ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍, കള്ളുചെത്തും ഓലമെടയലും വലവീശലും അടക്കമുള്ള പരമ്പരാഗത തൊഴിലുകള്‍ എന്നിങ്ങനെ തുരുത്തിന്റെ ടൂറിസം റിസോഴ്സ് ഡയറക്ടറിയില്‍ ജനകീയമായി കണ്ടെത്തി അടയാളപ്പെടുത്തിയ പ്രവര്‍ത്തനങ്ങളാണ് ആര്‍ട് സ്ട്രീറ്റില്‍ വരച്ചിടുന്നത്. ചുവരുകള്‍ ഒരുക്കാനും ചിത്രങ്ങള്‍ വരയ്ക്കാനും നാട്ടുകാരായ ചെറുപ്പക്കാരും ഒത്തുചേര്‍ന്നതോടെ ആര്‍ട്ട് സ്ട്രീറ്റ് തയാറാക്കല്‍ ജനകീയ ടൂറിസം പ്രവര്‍ത്തനമായി മാറി. ടൂറിസം മേഖലയില്‍ ജനകീയബദലുകള്‍ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെയാണ് ആര്‍ട്ട് സ്ട്രീറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് എന്നു പദ്ധതി തയാറാക്കിയ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. കെ. രൂപേഷ് കുമാര്‍, മറവന്തുരുത്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ എന്നിവര്‍ക്കൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു പ്രദീപ്, ഗ്രാമപഞ്ചായത്തംഗം പോള്‍ തോമസ്, ടൂറിസം വികസന സമിതി കണ്‍വീനര്‍ ടി.കെ. സുവര്‍ണന്‍, എന്‍.ജി.ഒ. പ്രവര്‍ത്തകരായ അഫ്സല്‍ മുഹമ്മദ് ബി, ജാസിം ഉമര്‍, ഫസ്‌ന, കുലശേഖരമംഗലം ഉത്തരവാദിത്ത ടൂറിസം ക്ലബ്ബ് സെക്രട്ടറി വിജയന്‍ കൊല്ലൂരത്തില്‍, രാജേന്ദ്രപ്രസാദ്, ആര്‍ട്ട് സ്ട്രീറ്റ് കണ്‍വീനര്‍ നൗഷാദ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം കൊടുത്തു.