തുടലില്‍ കെട്ടിത്തൂക്കിയ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; ദുരൂഹതയേറുന്നു

തുടലില്‍ കെട്ടിത്തൂക്കിയ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; ദുരൂഹതയേറുന്നു

ചിന്നക്കനാല്‍ : ചിന്നക്കനാല്‍ 301 കോളനിയില്‍ ആദിവാസി യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. വീടിനോടു ചേര്‍ന്ന് നായയെ പൂട്ടുന്ന തുടലില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. 301 കോളനി സ്വദേശി തരുണിനെയാണ് വെള്ളിയാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടത്തിയതിന് സമീപത്ത് മണ്ണെണ്ണക്കന്നാസും ചൂരല്‍വടിയും കണ്ടെത്തിയത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്.സംഭവസ്ഥലത്തു ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയ ശേഷം ഇന്നലെ ഉച്ചയോടെ തരുണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണകാരണം വ്യക്തമാകൂ. മൃതദേഹത്തിനു ചുറ്റുമുള്ള ഭാഗം കത്തിയിട്ടില്ലെന്നും മണ്ണെണ്ണയോടൊപ്പം മറ്റെന്തോ രാസവസ്തു തീ പിടിക്കാന്‍ കാരണമായെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സംഭവദിവസം രാവിലെ 9 മണിയോടെ യുവാവ് പ്രദേശത്തുകൂടെ അമിത വേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോയതായി നാട്ടുകാര്‍ പറഞ്ഞു. തരുണിന്റെ വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം താഴെ തൊഴിലാളികള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.എന്നാല്‍ അന്ന് അസ്വഭാവികമായ ശബ്ദമോ നിലവിളിയോ കേട്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു. യുവാവ് ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ അമ്മ സാറ വീട്ടിലുണ്ടായിരുന്നില്ല. തരുണിന്റെ മുത്തശ്ശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇവര്‍ക്കു പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.