പാക് സന്ദർശനത്തിനായി പോയ നൂറോളം കശ്മീരി സ്വദേശികളെ കാണാനില്ല : ഭീകര സംഘടനകളിൽ ചേർന്നിരിക്കാമെന്ന് സൂചന

പാക് സന്ദർശനത്തിനായി പോയ നൂറോളം കശ്മീരി സ്വദേശികളെ കാണാനില്ല : ഭീകര സംഘടനകളിൽ ചേർന്നിരിക്കാമെന്ന് സൂചന

ന്യൂഡൽഹി : പാകിസ്താൻ സന്ദർശനത്തിനായി പോയ നൂറോളം കശ്മീരി സ്വദേശികളെ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കാണാതായിട്ടുണ്ടെന്ന് റിപ്പോർട്ട്. കശ്മീരിലേക്ക് സാധുവായ വിസയെടുത്ത് പോയ യുവാക്കളെയാണ് കാണാതായിരിക്കുന്നത്. ഇവർ ഭീകര സംഘടനകളിൽ ചേർന്നിരിക്കാനാണ് സാധ്യതയെന്നും സുരക്ഷാ സംഘത്തിലെ ഐപിഎസ് ഓഫീസർ അറിയിച്ചു.

വർഷം തോറും നിരവധി കശ്മീർ സ്വദേശികളാണ് പാക് സന്ദർശനത്തിനായി പോകുന്നത്. ഇവരിൽ പലരും തിരികെ വരാറില്ല. തിരികെ വന്നവരിൽ ചിലരെയും കാണാതായിട്ടുണ്ട്. രാജ്യത്തിനെതിരെ പോരാടാൻ യുവാക്കളെ ഭീകരസംഘടനകളിൽ ചേർത്തിരിക്കാമെന്നാണ് അധികൃതർ പറയുന്നത്.

ഭീകരസംഘടനകളിൽ ചേരുന്ന ഇന്ത്യൻ വംശജരെ തിരികെ കൊണ്ടുവരാൻ സാധിക്കില്ല. ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകളിൽ ചേർന്ന് ഇവർ ചാരവൃത്തി നടത്താൻ സാധ്യതയുണ്ടെന്നും ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

രണ്ട് വർഷം മുൻപ് പാക് സന്ദർശനം നടത്തിയ യുവാക്കളെയും ചോദ്യം ചെയ്തിരുന്നു. ഇത്തരത്തിൽ സന്ദർശനം കഴിഞ്ഞെത്തുന്നവരെ സുരക്ഷാ ഏജൻസികൾ കർശനമായി നിരീക്ഷിക്കാറുണ്ട്. എന്നാൽ കശ്മീർ സ്വദേശികളെ പാക് സന്ദർശനത്തിൽ നിന്ന് വിലക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏപ്രിലിൽ ഷോപിയാൻ, കുൽഗാം, അനന്ദ്‌നഗ് എന്നീ ജില്ലകളിലെ യുവാക്കളെ പാക് നുഴഞ്ഞുകയറ്റക്കാരുടെ സംഘത്തിൽ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. പാക് സന്ദർശനത്തിന് പോയ ഇവർ പിന്നീട് തിരിച്ച് ഇന്ത്യയിലേക്ക് തിരികെ വന്നിരുന്നില്ല.