ആലപ്പുഴ മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവതി സ്വർണക്കടത്ത് കണ്ണിയെന്ന് പോലീസ്..!
നിരവധി തവണ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയെന്ന് മാന്നാർ സ്വദേശിനി ബിന്ദു പോലീസിനോട് സമ്മതിച്ചു. ഒടുവിൽ കൊണ്ടുവന്ന സ്വർണം കൊടുക്കാത്തതിനാൽ യുവതിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് വിവരം. സ്വർണക്കടത്ത് സംഘത്തെ പിടികൂടാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ്.
ഈ മാസം 19 നാണ് ബിന്ദു ദുബൈയിൽ നിന്നും അവസാനമായി മടങ്ങിയെത്തിയത്. അന്ന് ഒന്നരക്കിലോ സ്വർണം ഗൾഫിൽ നിന്നും കടത്തി. എന്നാലിത് എയർപോർട്ടിൽ തന്നെ ഉപേക്ഷിച്ചെന്നാണ് ബിന്ദു പൊലീസിന് നൽകിയ മൊഴി. അന്ന് വൈകിട്ട് തന്നെ വീട്ടിലെത്തിയ സ്വർണക്കടത്ത് സംഘത്തോട് സ്വർണം ഉപേക്ഷിച്ച വിവരം പറഞ്ഞു. ഇവർ മടങ്ങിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ വീടാക്രമിച്ച് ബിന്ദുവിനെ കടത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോയതിൽ പ്രാദേശിക സഹായം ലഭിച്ചതായും പോലീസിന് വിവരമുണ്ട്. പൊലീസ്, അന്വേഷണം ഊർജ്ജിതമാക്കിയതോടെ യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ചശേഷം സംഘം കടന്നുകളഞ്ഞു. തുടർന്ന് മാന്നാറിലെത്തിച്ചുള്ള ചോദ്യം ചെയ്യലിൽ സ്വർണക്കടത്ത് കണ്ണിയെന്ന് യുവതി സമ്മതിച്ചെന്നാണ് പോലീസ് പറയുന്നത്.
നാലംഗ സംഘമാണ് കടത്തിയത്. ഇവരെക്കുറിച്ചുള്ള വിവരം യുവതി പൊലീസിന് കൈമാറി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ് പറഞ്ഞു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Comments (0)