ഒമിക്രോൺ: അതീവജാഗ്രതയിൽ സംസ്ഥാനം; സമ്പർക്കപ്പട്ടികയിലുളളവർക്ക് പരിശോധന
തിരുവനന്തപുരം• നാലുപേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. രോഗബാധിതരുടെ സമ്പർക്കപ്പട്ടികയിലുളള, ലക്ഷണങ്ങളുള്ളവർക്ക് ഇന്ന് കോവിഡ് പരിശോധന നടത്തും. പോസിറ്റീവാകുന്നവരുടെ ഫലം ജനിതക ശ്രേണീകരണത്തിനയയ്ക്കും. എറണാകുളത്തും തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.ഉയർന്ന കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘം ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സംഘം തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ സന്ദർശനം നടത്തിയിരുന്നു. കോവിഡ് മരണങ്ങൾ സംബന്ധിച്ച കേസ് ഷീറ്റുകൾ പരിശോധിച്ചു. വ്യക്തതയില്ലാത്ത കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ വിശദീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഉയർന്ന കോവിഡ് രോഗ -മരണ നിരക്കും പൂഴ്ത്തിയ മരണക്കണക്കുകൾ കൂട്ടിച്ചേർക്കുന്നതും പരിശോധിക്കാനാണ് കേന്ദ്ര സംഘത്തിന്റെ സന്ദർശനം.ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയും ഭാര്യമാതാവുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേർ. കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയും യുകെയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനിയുമാണ് മറ്റുള്ളവർ. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേർക്കാണ് രോഗ ബാധ കണ്ടെത്തിയത്.ബ്രിട്ടനിൽ നിന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉള്ളൂർ പോങ്ങുംമൂട് സ്വദേശിയായ യുവതി (25), കോംഗോയിൽ നിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ ഉദയംപേരൂർ സ്വദേശി (34), ബ്രിട്ടനിൽനിന്നു കൊച്ചിയിലെത്തി കഴിഞ്ഞ ഞായറാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ച ആളുടെ ഭാര്യ (36), ഭാര്യാമാതാവ് (55) എന്നിവർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്.തിരുവനന്തപുരത്തെത്തിയ യുവതി ജനറൽ ആശുപത്രിയിലാണിപ്പോൾ. ബ്രിട്ടനിൽനിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയ ആൾക്കാണ് ഞായറാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇദ്ദേഹവും ഭാര്യയും ഒരുമിച്ചാണ് വിദേശത്തുനിന്നെത്തിയത്. വിമാനത്താവളത്തിലെ റാപ്പിഡ് ആർടിപിസിആർ പരിശോധനയിൽ പോസിറ്റീവായിരുന്നില്ല. വീട്ടിലെത്തിയതിനു ശേഷം ലക്ഷണങ്ങളുണ്ടായതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു ഭർത്താവ് കോവിഡ് പോസിറ്റീവായത്. പിന്നീട് സാംപിൾ ജനിതക ശ്രേണീകരണത്തിനായി അയക്കുകയായിരുന്നു.തൊട്ടടുത്ത ദിവസം ഭാര്യയും ഭാര്യാമാതാവും പോസിറ്റീവായി. കോംഗോയിൽ നിന്നെത്തിയ ആളെ ഹൈ റിസ്ക് രാജ്യത്തിൽ നിന്ന് അല്ലാത്തതിനാൽ വിമാനത്താവളത്തിൽ പരിശോധിച്ചിരുന്നില്ല. വീട്ടിൽ ക്വാറന്റീനിലിരിക്കെ ലക്ഷണങ്ങളെ തുടർന്നു പരിശോധിച്ചു. ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ അമ്പലമുകളിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റി.
 
                        


 Author Coverstory
                Author Coverstory             
             
             
             
             
            
 
             
             
             
             
             
                                
                             
             
             
             
             
             
             
             
             
            
Comments (0)