ബുള്‍സ് ഐ ഒഴിവാക്കണം, നന്നായി പാകം ചെയ്ത മുട്ടയും കോഴിയിറച്ചിയും കഴിക്കാം; പക്ഷിപ്പനി പകരാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

ബുള്‍സ് ഐ ഒഴിവാക്കണം, നന്നായി പാകം ചെയ്ത മുട്ടയും കോഴിയിറച്ചിയും കഴിക്കാം; പക്ഷിപ്പനി പകരാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് ചില ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭാക്ഷ്യയോഗ്യമാണെന്നും അറിയിച്ചു. ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാസവും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് ജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്.

തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും.അതുകൊണ്ട് തന്നെ, പക്ഷികളുടെ ഇറച്ചി മുട്ട എന്നിവ ഭക്ഷിക്കുന്നത് വഴി മനുഷ്യരിലേക്ക് രോഗം പകരില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍.പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങ ളില്‍ മനുഷ്യരിലേക്ക് പകരാം.പാകം ചെയ്യുന്നതിനായി പച്ചമാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകണം.പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് വകുപ്പ് വ്യക്തമാക്കുന്നത്.

ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യണം. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതട ക്കമുള്ള എല്ലാ കരുതല്‍ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.