ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഭൂരിപക്ഷം കിട്ടില്ല; സര്‍വേയോട് പ്രതികരിച്ച്‌ കെ. സുരേന്ദ്രന്‍

ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഭൂരിപക്ഷം കിട്ടില്ല; സര്‍വേയോട് പ്രതികരിച്ച്‌ കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഭൂരിപക്ഷം കിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. എന്‍.ഡി.എക്ക് മുന്നോട്ട് വരാന്‍ സാധ്യതയുള്ള ജനവികാരമണ് സംസ്ഥാനത്തുള്ളത്. ഫെബ്രുവരിക്ക് മുമ്ബുള്ള സാഹചര്യത്തിലാണ് സര്‍വെ നടന്നത്. വിജയയാത്ര ആരംഭിക്കുന്നതിനും പ്രമുഖരായിട്ടുള്ളവര്‍ എന്‍.ഡി.എയോട് സഹകരിക്കുന്നതിനും മുമ്ബുമാണ് സര്‍വ്വെ നടന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തുടര്‍ഭരണം പ്രവചിക്കാനാകില്ല. രണ്ട് മുന്നണികള്‍ക്കും സുരക്ഷിതമായ ഭാവി ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നില്ല. ഭൂരിപക്ഷം കിട്ടില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന അഭിപ്രായത്തോട് യോജിക്കാനില്ല. മാത്രമല്ല തെക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ ഉണ്ടാകില്ല. എന്‍.ഡി.എ ഏറെ ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ശക്തമായ ത്രികോണ മത്സരമായിരിക്കും മിക്ക മണ്ഡലങ്ങളില്‍ നടക്കുക. മുസ്ലീം ലീ​ഗിനെ വിശ്വസിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോയാല്‍ കോണ്‍​ഗ്രസിന്റെ കാര്യം എന്താകുമെന്ന് പറയാന്‍ കഴിയില്ല. കിറ്റുകള്‍ നല്‍കുന്നതാണ് സര്‍ക്കാരിന്റെ ഭരണനേട്ടം എന്നുണ്ടെങ്കില്‍ അതിനെ നി‍ര്‍ഭാ​ഗ്യകരം എന്ന് മാത്രമേ പറയാനാകൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു.