സമരം കടുപ്പിക്കാന്‍ ഉദ്യോഗാര്‍ഥികള്‍; ഉത്തരവ് വന്നില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരം
തിരുവനന്തപുരം : നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങി പി.എസ്.സി. ഉദ്യോഗാര്‍ഥികള്‍. ഉദ്യോഗസ്‌ഥരുമായി ശനിയാഴ്‌ച നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമോ എന്ന് ഇന്നു വൈകുന്നേരം വരെ കാത്തിരിക്കും. ഉത്തരവ് ഉണ്ടായില്ലെങ്കില്‍ സമരം ശക്‌തമാക്കുമെന്നും നാളെ മുതല്‍ നിരാഹാര സമരം നടത്തുമെന്നും ഉദ്യോഗാര്‍ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു.
ചര്‍ച്ചയില്‍ ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി: മനോജ് ഏബ്രഹാമും അറിയിച്ചത്. സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശാനുസരണമാണ് ഉദ്യോഗസ്‌ഥരെ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കു വിട്ടത്. ചര്‍ച്ച സൗഹാര്‍ദപരമായിരുന്നെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കാര്യത്തില്‍ രേഖാമൂലം വ്യക്‌തത വരുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍ വ്യക്‌തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇന്നു നിലപാടറിയിക്കുമെന്നാണു സൂചന. ഇന്നു വീണ്ടും ചര്‍ച്ച നടത്താനുള്ള സാധ്യതയുമുണ്ട്.
ലാസ്‌റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ഉദ്യോഗാര്‍ഥികളുടെ സമരം ഒരു മാസത്തിലേക്ക് അടുക്കുകയാണ്. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം രണ്ടാഴ്‌ച പിന്നിട്ടു. ഇവര്‍ക്ക് പിന്തുണയുമായി എം.എല്‍.എമാരായ ഷാഫി പറമ്ബിലും കെ.എസ്. ശബരീനാഥനും ഒരാഴ്‌ചയായി നിരാഹാരത്തിലാണ്. ആരോഗ്യനില വഷളായ സാഹചര്യത്തില്‍ ആശുപത്രിയിലേക്കു മാറാനുള്ള ഡോക്‌ടര്‍മാരുടെ നിര്‍ദേശം ഇവര്‍ സ്വീകരിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ സമരപ്പന്തലിലെത്തി. സംസ്‌ഥാനത്ത് ഉദ്യോഗസ്‌ഥ ഭരണമാണു നടക്കുന്നതെന്നും ടി.കെ. ജോസും മനോജ് ഏബ്രഹാമുമാണോ കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഉദ്യോഗാര്‍ഥികളുമായി മന്ത്രിമാര്‍ ചര്‍ച്ചയ്‌ക്കു തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രമേശിന്റെ ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിനു തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഗാന്ധി സമരപ്പന്തല്‍ സന്ദര്‍ശിച്ചേക്കും.
Comments (0)