മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം, വന്ദേഭാരത് എക്സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം, വന്ദേഭാരത് എക്സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

അഹമ്മദാബാദ് : പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച അര്‍ധ അതിവേഗ തീവണ്ടിയായ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുംബൈ-ഗാന്ധിനഗര്‍ റൂട്ടിലെ ആദ്യ സര്‍വീസാണ് മോദി ഫ്‌ലാഗ് ഓഫ് ചെയ്തത്. അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗാന്ധി നഗറില്‍ നിന്ന് കാലുപൂര്‍ സ്റ്റേഷന്‍ വരെ പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്തു. വിമാനത്തെ വെച്ചു നോക്കുമ്പോള്‍ നൂറു ശതമാനം ശബ്ദരഹിതമാണ് വന്ദേഭാരത് ട്രെയിനുകളെന്ന് തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കല്‍ ഈ ട്രെയിനില്‍ സഞ്ചരിച്ചാല്‍ പിന്നെ, വിമാനയാത്ര ഉപേക്ഷിച്ച് വന്ദേഭാരതില്‍ തന്നെയാകും യാത്ര ചെയ്യുക. ഇരട്ടനഗരങ്ങള്‍ എങ്ങനെ വികസിച്ചു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഗാന്ധിനഗറും അഹമ്മദാബാദും. ഇത്തരത്തില്‍ ഗുജറാത്തില്‍ നിരവധി നഗരങ്ങളാണ് വികസിക്കുന്നത്. ജനങ്ങള്‍ ന്യൂയോര്‍ക്കിനെയും ന്യൂജേഴ്സിയെയും പറ്റി പറയുന്നു. എന്നാല്‍ നമ്മുടെ ഇന്ത്യ വികസനത്തില്‍ ഒട്ടും പിന്നിലല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിക്കൂറില്‍ 160 കിലോമീറ്റര്‍വരെ വേഗത്തില്‍ ഓടുന്നതാണ് വന്ദേഭാരത് ട്രെയിനുകള്‍. 52 സെക്കന്‍ഡുകൊണ്ട് 100 കിലോമീറ്റര്‍ വേഗം നേടും. സ്വയം പ്രവര്‍ത്തിക്കുന്ന വാതില്‍, ജിപിഎസ് അധിഷ്ഠിത സംവിധാനം, വൈഫൈ, ചാരിക്കിടക്കാവുന്ന ഇരിപ്പിടം, എക്സിക്യുട്ടീവ് ക്ലാസില്‍ കറക്കാവുന്ന കസേര, എല്ലാ കോച്ചിലും പാന്‍ട്രി, നോണ്‍ ടച്ച് ടോയ്ലറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ ട്രെയിനുണ്ട്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണ്. ന്യൂഡല്‍ഹി-വാരാണസി റൂട്ടിലും ന്യൂഡല്‍ഹി-ശ്രീ മാതാ വൈഷ്ണോദേവി-കത്ര റൂട്ടിലുമാണ് നിലവില്‍ വന്ദേഭാരത് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇത്തരം നാനൂറോളം തീവണ്ടികള്‍ ഓടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2023 ആഗസ്റ്റ് 15ന് മുന്‍പ് രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 75 വന്ദേഭാരത് ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.