വെട്ടിലായി സിപിഎം ; സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക പ്രത്യേക നിയമ സഭ സമ്മേളനം നടത്തണോ?
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷത്തിന് പ്രത്യേക നിയമസഭ സമ്മേളനം ആഗസ്റ്റ് 14ന് അര്‍ധരാത്രി വിളിച്ച് ചേര്‍ക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിര്‍ദേശം തള്ളിയ മുഖ്യമന്ത്രിയുടെ നടപടി വിവാദത്തിലേക്ക്. സ്വാതന്ത്ര്യദിനത്തിന്റെ 25-ാം വാര്‍ഷികത്തോടും ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 45-ാം വാര്‍ഷികത്തോടും 'പുറംതിരിഞ്ഞ്' നിന്ന സി.പി.എമ്മിന്റെ മുന്‍ നിലപാടിന്റെ പശ്ചാത്തലത്തിലാണ് വിവാദം ചൂടുപിടിക്കുന്നത്. സ്വാതന്ത്ര്യദിന വാര്‍ഷികത്തോട് അനുബന്ധിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍നിന്ന് സി.പി.എം ഒഴിഞ്ഞുമാറുന്നത് ഇതാദ്യമല്ല. 1972ല്‍ സ്വാതന്ത്ര്യത്തിന്റെ 25-ാം വാര്‍ഷികത്തിന് ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം പ്രതിപക്ഷത്തായിരുന്ന സി.പി.എം ബഹിഷ്‌കരിച്ചിരുന്നു. 1987ല്‍ ഭരണത്തിലിരുന്നപ്പോള്‍ ക്വിറ്റ് ഇന്ത്യ സമരവാര്‍ഷിക സമ്മേളനം നടത്തണമെന്ന രാജ്യസഭ ഉപാധ്യക്ഷന്റെ നിര്‍ദേശം നിരാകരിച്ച ഇ.കെ. നായനാര്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ നാവിന്റെ ചൂടറിയുകയും ചെയ്തു. ആഗസ്റ്റ് 15ന് മന്ത്രിമാര്‍ക്ക് ജില്ലകളില്‍ സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി 14ന് അര്‍ധരാത്രി പ്രത്യേക സമ്മേളനമെന്ന ആവശ്യം തള്ളിയത്. അന്ന് അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസം ചേരണമെന്ന വി.ഡി. സതീശന്റെ അഭ്യര്‍ഥനയോട് മുഖ്യമന്ത്രി പ്രതികരിച്ചതുമില്ല. സ്വാതന്ത്ര്യത്തിന്റെ 25-ാം വാര്‍ഷികമായ 1972 ആഗസ്റ്റ് 14ന് രാത്രി ഗവര്‍ണര്‍ കെ. വിശ്വനാഥന്റെ സാന്നിധ്യത്തിലും സി. അച്യുതമേനോന്റെ നേതൃത്വത്തിലും സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നിരുന്നു. പ്രതിപക്ഷത്തായിരുന്ന സി.പി.എം, ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഈ പ്രത്യേക സമ്മേളനം ബഹിഷ്‌കരിച്ചു. പിന്നീട് 1987ല്‍ അന്ന് ഉപരാഷ്ട്രപതിയും രാജ്യസഭ ഉപാധ്യക്ഷനുമായിരുന്ന ആര്‍. വെങ്കട്ടരാമന്‍ അധ്യക്ഷനായി രൂപവത്കരിച്ച കമ്മിറ്റി 40-ാം സ്വാതന്ത്ര്യദിനവും ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 45-ാം വാര്‍ഷികവും ആഘോഷിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിയമസഭയുടെ കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രി നായനാര്‍ വിഷയം അവതരിപ്പിച്ച് അംഗീകാരം നേടി. എന്നാല്‍, സര്‍ക്കാര്‍ പിന്നീട് ഇതിന് സഭയില്‍ ഭേദഗതി നിര്‍ദേശം കൊണ്ടുവന്നു. കെ. കരുണാകരന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. എന്നാല്‍, ആഗസ്റ്റ് ഒമ്ബതിന് ചേരാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ തെറ്റായി രേഖപ്പെടുത്തിയതെന്നുമായിരുന്നു ഭരണപക്ഷ വാദം. ആഗസ്റ്റ് 13ന് രാവിലെ ഒമ്ബതിന് ചേര്‍ന്ന പ്രത്യേക സിറ്റിങ്ങില്‍ സ്വാതന്ത്ര്യസമര സേനാനികളെ ഗാലറിയില്‍ ക്ഷണിച്ച് ആദരിക്കുകയും ചെയ്തു.
Comments (0)