അൻവർ എം.എൽ.എയുടെ വിവാദ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

അൻവർ എം.എൽ.എയുടെ വിവാദ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

മതവും വർഗീയതയും പറഞ്ഞ് വോട്ട് പിടിച്ചെന്ന് കാട്ടി നിലമ്പൂരിലെ എൽ.ഡി.എഫ് എം.എൽ.എ പി.വി അൻവർനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.നിലമ്പൂർ നഗരസഭയിലെ വോട്ടറും  നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ടുമായ ഷാജഹാൻ പായിമ്പാടമാണ്  അൻവറിനെ പ്രസംഗത്തിന്റെ  ഓഡിയോ ക്ലിപ്പ് സഹിതം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.ജില്ലാ വരണാധികാരിയായ കലക്ടർക്കും പരാതി നൽകി.  നഗരസഭയിലെ വൃന്ദാവനംകുന്നിലെ   യോഗത്തിൽ അൻവർ വോട്ട് ചോദിക്കുന്ന പ്രസംഗമാണ് പരാതികൾക്ക് ആധാരം.ഒമ്പതാം ഡിവിഷൻ ചന്തക്കുന്നിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ആബിദ താത്തുക്കാരന് വോട്ട്  തേടിയായിരുന്നു പ്രസംഗം.

"ഇൻശ അള്ളാ, ഈ മഗ്‌രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷിനിർത്തി ഞാൻ നിങ്ങളോട് പറയുന്നു.ഇത് രാഷ്ട്രീയം ഒന്നുമല്ല. എനിക്ക് വോട്ട് ചെയ്ത് ഈ മനുഷ്യന്മാരെ സഹായിക്കൽ എന്റെ അനാമത്ത് ആണ്.ഈ ചെയ്യുന്ന പ്രവർത്തിയൊക്കെ ഇബാദത്താണ്. ഇഹലോകവും, പരലോകവും ഇല്ലാത്തവർക്ക് വോട്ട് ചെയ്തിട്ട് എന്താണ് കാര്യം.ബാക്കി ഒന്നും ഞാൻ പറയേണ്ട കാര്യമില്ലല്ലോ. മനസ്സിലാക്കാനുള്ള ശേഷിയും നിങ്ങൾക്ക് ഉള്ളപ്പോൾ എന്തിന് പടപ്പിനെ  പേടിക്കണം.അതു മനസ്സിലാക്കി കൊള്ളി..  ആബിദയെ നിങ്ങൾ തോൽപ്പിച്ചാലും  മുൻസിപ്പാലിറ്റി പടച്ചോൻ  തന്നാൽ കാക്കും"- പ്രസംഗം ഇങ്ങനെ പോകുന്നു.

ഏഴ് മിനിറ്റും ഏഴ് സെക്കൻഡും ദൈർഘ്യമുള്ളതാണ് പ്രസംഗം. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വൃന്ദാവൻകുന്ന് ഉൾക്കൊള്ളുന്ന ചന്തക്കുന്ന് ഒമ്പതാം ഡിവിഷനിൽ കോൺഗ്രസിന് ശ്രീജ വെട്ടത്തെഴത്താണ് സ്ഥാനാർത്ഥി.