പിന്‍വാതില്‍ തത്‌കാലം പൂട്ടി

പിന്‍വാതില്‍ തത്‌കാലം പൂട്ടി

കൊച്ചി: പത്തോളം പൊതുമേഖലാസ്‌ഥാപനങ്ങളില്‍ താത്‌കാലികജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സ്‌ഥിരപ്പെടുത്തലിനെതിരായ ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കുന്നതുവരെയാണു സ്‌റ്റേ. സ്‌ഥിരപ്പെടുത്തല്‍ ഉത്തരവ്‌ പുറപ്പെടുവിച്ച സ്‌ഥാപനങ്ങള്‍ ഇന്നലത്തെ തല്‍സ്‌ഥിതി തുടരണമെന്നും ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. പിഎസ്‌.സി. റാങ്ക്‌ പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളുടെ ഹര്‍ജി പരിഗണിച്ചാണു നടപടി.
കേസ്‌ 12-നു പരിഗണിക്കുന്നതിനു മുമ്ബ്‌ വിശദീകരണം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടും പൊതുമേഖലാസ്‌ഥാപനങ്ങളുടെ മേധാവികളോടും കോടതി നിര്‍ദേശിച്ചു. കില, സംസ്‌ഥാന വനിതാ കമ്മിഷന്‍, കെല്‍ട്രോണ്‍, കെ ബിപ്‌, എഫ്‌.ഐ.ടി, ഈറ്റത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌, യുവജന കമ്മിഷന്‍, ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രമോഷന്‍, എല്‍.ബി.എസ്‌, സ്‌കോള്‍ കേരള തുടങ്ങിയ സ്‌ഥാപനങ്ങളാണു വിശദീകരണം സമര്‍പ്പിക്കേണ്ടത്‌. പിന്‍വാതിലിലൂടെ സര്‍ക്കാര്‍ ഇഷ്‌ടക്കാരെ നിയമിക്കുകയാണെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. പൊതുമേഖലയിലേത്‌ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ നിയമനം പി.എസ്‌.സി. മുഖേനയേ പാടുള്ളൂവെന്ന വ്യവസ്‌ഥ കാറ്റില്‍പ്പറത്തി. ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്‌. പി.എസ്‌.സിയുടെ പരിശുദ്ധിയും പ്രാധാന്യവും സര്‍ക്കാര്‍ നഷ്‌ടപ്പെടുത്തിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
പൊതുമേഖലാസ്‌ഥാപനങ്ങളിലെ നിയമനങ്ങള്‍ സ്‌ഥിരപ്പെടുത്താനുള്ള മാനദണ്ഡമെന്തെന്നു ഹൈക്കോടതി നേരത്തേ സര്‍ക്കാരിനോട്‌ ആരാഞ്ഞിരുന്നു.
യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി ഫൈസല്‍ കുളപ്പാടം ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഇത്‌. പി.എസ്‌.സി. റാങ്ക്‌ ജേതാക്കളുടെ എതിര്‍പ്പവഗണിച്ചാണു സര്‍ക്കാര്‍ താത്‌കാലികക്കാരെ സ്‌ഥിരപ്പെടുത്തുന്നതെന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 10 വര്‍ഷത്തിലധികം ജോലിചെയ്‌ത കെ.എസ്‌.ആര്‍.ടി.സി. എമ്ബാനല്‍ ജീവനക്കാരെ ഹൈക്കോടതി ഉത്തരവുപ്രകാരം മുമ്ബ്‌ പിരിച്ചുവിട്ടിട്ടുണ്ട്‌.

സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: ചെന്നിത്തല

തിരുവനന്തപുരം: താത്‌കാലികജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തതു പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല.
പി.എസ്‌.സി. റാങ്ക്‌ പട്ടികയിലുള്ള ആയിരക്കണക്കിന്‌ ഉദ്യോഗാര്‍ഥികളെ വഴിയാധാരമാക്കിയാണു സി.പി.എം. നേതാക്കളുടെ ബന്ധുക്കള്‍ക്കു പിന്‍വാതില്‍ നിയമനം നല്‍കിയതും സ്‌ഥിരപ്പെടുത്തിയതും. ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനവുമാണിത്‌. പി.എസ്‌.സി. പരീക്ഷയുടെ ചോദ്യക്കടലാസ്‌ പോലും സി.പി.എം. പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ചോര്‍ന്നുകിട്ടി. അനധികൃതനിയമനങ്ങളുടെ പെരുമഴക്കാലമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം. വി.എസ്‌. സര്‍ക്കാരിന്റെ കാലത്തു നിയമിച്ചവരെയാണു ജോലിയില്‍ 10 വര്‍ഷം തികഞ്ഞെന്നു പറഞ്ഞ്‌ ഈ സര്‍ക്കാര്‍ സ്‌ഥിരപ്പെടുത്തിയത്‌. സെക്രട്ടേറിയറ്റ്‌ പടിക്കല്‍ സമരംചെയ്‌ത ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ അവഹേളിച്ചു. ഹൈക്കോടതി നടപടിയിലൂടെ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ഒരിക്കല്‍ക്കൂടി വെളിപ്പെട്ടെന്നും ചെന്നിത്തല ആരോപിച്ചു.