റോഡിലെ നിയമ ലംഘനങ്ങള്‍ അരിച്ചു പെറുക്കാന്‍ സംവിധാനം വരുന്നു
റോഡിലെ കൊച്ചു കൊച്ചു നിയമ ലംഘനങ്ങള്‍ പോലും കണ്ടെത്താനും പിടികൂടാനും മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ സംവിധാനം വരുന്നു. ഹെല്‍മെറ്റ് ഇല്ലാതെ സ്ഥിരമായി യാത്ര ചെയ്യുക, കുട്ടികളെ ഹെല്‍മറ്റ് ധരിപ്പിക്കാതിരിക്കുക, ബൈക്കില്‍ മൂന്നുപേരെ ഇരുത്തിയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും വാഹനം ഓടിക്കുക തുടങ്ങി റോഡിലെ എല്ലാ കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍മ്മിത ബുദ്ധിയുടെ സഹായം തേടുന്നു.
റോഡപകടങ്ങള്‍ കുറയ്ക്കാനും ഗതാഗത നിയമ ലംഘനത്തിനെതിരെയുള്ള നടപടി കര്‍ശനമാക്കാനും ലക്ഷ്യമിട്ട് പുതിയ എന്‍ഫോഴ്‌സമെന്റ് സംവിധാനത്തിന് മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തുടക്കമിട്ടിരിക്കുകയാണ്.
ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെതന്നെ കാമറയുടെ സഹായത്തോടെ നിയമലംഘനങ്ങള്‍ പിടികൂടി കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുന്ന സംവിധാനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ജില്ലാ തലത്തിലൂള്ള എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലാകും ഈ ദൃശ്യങ്ങള്‍ ക്രോഡീകരിക്കപ്പെടുക. ഇതിനായി സംസ്ഥാന തല കണ്‍ട്രോള്‍ റൂമും ആറ് ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമുകളുമാണ് മോട്ടര്‍വാഹന വകുപ്പ് തുടങ്ങിയത്.
റോഡിലെ നിയമ ലംഘകരെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി 720 കേന്ദ്രങ്ങളിലാണ് നിര്‍മ്മിത ബുദ്ധി സംവിധാനങ്ങള്‍ സ്ഥാപിക്കുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെതന്നെ നിയമലംഘനങ്ങള്‍ പിടികൂടുന്ന ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് റെക്ഗ്‌നീഷന്‍ സംവിധാനമാണിത്. ജില്ലാ തലത്തിലൂള്ള എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലാകും ഈ ദൃശ്യങ്ങള്‍ ക്രോഡീകരിക്കപ്പെടുക. ഈ നിര്‍മ്മിത ബുദ്ധി ക്യാമറയിലൂടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ വിവരങ്ങള്‍ എറണാകുളത്തെ മോട്ടര്‍വാഹന വകുപ്പ് വെര്‍ച്വല്‍ കോടതിയിലേക്ക് കൈമാറും. പിഴ വിധിക്കുന്നതും അത് വാഹന ഉടമയെ അറിയിക്കുന്നതും ഉള്‍പ്പെടെയുള്ള തുടര്‍ നിയമ നടപടികള്‍ വെര്‍ച്വല്‍ കോടതി സംവിധാനത്തിലൂടെയാണ് നടപ്പാക്കുക.
അമിതവേഗം, ഹെല്‍മെറ്റ് ഇല്ലാതെ യാത്ര, ബൈക്കില്‍ മൂന്നുപേരെ വച്ചുള്ളയാത്ര, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങ് തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ ഈ സാങ്കേതിക വിദ്യ സ്വയം തിരിച്ചറിയും. നേരിട്ട് പരിശോധനയില്ലാതെ തന്നെ ക്യാമറകള്‍ വഴി അപകടങ്ങള്‍, നിയമ ലംഘനങ്ങള്‍ എന്നിവയ്ക്ക് നടപടിയെടുക്കാന്‍ കഴിയുമെന്നും റോഡിലെ അപകടങ്ങള്‍ കുറയ്ക്കുകയാണു പ്രധാന ലക്ഷ്യമെന്നാണ് മോട്ടര്‍ വാഹന വകുപ്പ് അറിയിക്കുന്നത്.
Comments (0)