കെഎസ്ആർടിസി സിറ്റി സർവീസ്: യാത്രക്കാരായ സാധാരണ ജനങ്ങൾ പറയുന്നു: ഈ ബസ് ‍ഞങ്ങളിങ്ങെടുക്കുവാ..

കെഎസ്ആർടിസി സിറ്റി സർവീസ്: യാത്രക്കാരായ സാധാരണ ജനങ്ങൾ പറയുന്നു: ഈ ബസ് ‍ഞങ്ങളിങ്ങെടുക്കുവാ..

തിരുവനന്തപുരം• കെഎസ്ആർടിസി പുതുതായി തുടങ്ങിയ സിറ്റി സർവീസിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങളും അസൗകര്യങ്ങളം അറിയാൻ മനോരമ സംഘം യാത്ര നടത്തി. 4.30 ന് കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിന്ന് ബ്രൗൺ ബസിൽ കയറുമ്പോൾ 7 യാത്രക്കാർ ബസിലുണ്ട്. ഒന്നിനു പുറകേ ഒന്നായി സിറ്റി സർവീസുകൾ കിടക്കുന്നു. ഓഫിസ് വിട്ടു വരുന്നവരുടെ തിരക്കുണ്ട്. യാത്രക്കാരിൽ ചിലർ വന്നു തിരക്കുന്നുണ്ട്. കണ്ടക്ടർ പുറത്തു നിന്ന് വിളിക്കുന്നു: ‘കരമന പൂജപ്പുര....’ മ്യൂസിയം ഭാഗത്തേക്ക് പോകുമോയെന്ന് തിരക്കി വന്ന യാത്രക്കാരിക്ക് ഡ്രൈവർ തന്നെ പറഞ്ഞു കൊടുത്തു : ‘ബ്ലൂ സർക്കിൾ എന്നെഴുതിയ ബസ് ദേ.. കിടക്കുന്നു അതിൽ കയറിയാൽ മതി..’ സിറ്റി സർവീസ് വന്നതിന്റെ ഒരു ഗുണം അതാണ്. എവിടേക്ക് ഏത് ബസ് പോകുമെന്ന് പോയി സ്റ്റാൻഡിൽ തിരക്കാൻ പറയേണ്ട, ബ്ലൂ, അല്ലെങ്കിൽ റെഡ് അങ്ങനെ നിറം നോക്കി ബസ് എവിടേക്കെന്ന് അറിയാൻ കഴിയും.
സിറ്റി സർവീസ് നഗരത്തിന് മെല്ലെ പരിചിതമായി വരുന്നതേയുള്ളു. ഇത് പ്രൈവറ്റ് ബസ്സാണോ എന്ന് ചോദിച്ച് കയറിയ യാത്രക്കാരിയുമുണ്ട്. സ്ത്രീ യാത്രക്കാരാണ് സിറ്റി സർവീസിന്റെ രക്ഷകർ എന്ന് കണ്ടക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. കിഴക്കേകോട്ടയിൽ നിന്നും സർവീസ് ആരംഭിച്ചപ്പോഴേക്കും ബസിൽ പകുതിയിലധികം സ്ത്രീകൾ. കരമനയിൽ നിന്ന് കയറിയ യാത്രക്കാരി നെയ്യാറ്റിൻകരയിൽ സിവിൽ സപ്ലെസ് വകുപ്പിലെ ഉദ്യോഗസ്ഥയാണ്, എസ്. ഷീല. വട്ടിയൂർക്കാവിലാണ് വീട്. ഓഫിസ് വിട്ട് വൈകിട്ട് നെയ്യാറ്റിൻകരയിൽ നിന്നും കരമന വരെ എത്താൻ 32 രൂപയാണ് ബസ് ചാർജ്. അവിടെ നിന്നും വട്ടിയൂർക്കാവിന് ബസ് കിട്ടാൻ പാടാണെന്നതിനാൽ ഇരുട്ടും മുൻപ് വീട്ടിലെത്താൻ 160 രൂപ ചെലവിട്ട് ഓട്ടോ പിടിച്ചാണ് പോകുന്നത്.
രാവിലെയും മിക്കപ്പോഴും ഓട്ടോ തന്നെ ശരണം. ശമ്പളം തീരുന്ന പ്രധാന വഴിയും ഇതു തന്നെ. ഇന്നലെ ഇൗ യാത്രയ്ക്ക് ചെലവ് വെറും 10 രൂപ. കെഎസ്ആർടിസിയുടെ സിറ്റി സർവീസ് ഇങ്ങനെ നഗരത്തിലെ ഒരുപാട് വീടുകളുടെ ‘ഐശ്വര്യ’മാകുകയാണ്. വലിയവിള ജംക്‌ഷനിൽ ബസ് എത്തിയപ്പോൾ ഡ്രൈവർ സീറ്റിന് ചേർന്ന് ഒരു സ്വകാര്യബസ് കൊണ്ടു നിർത്തി. അതിലെ ഡ്രൈവർ ഉച്ചത്തിൽ സിറ്റി സർവീസിലെ ഡ്രൈവറോട് ചോദിക്കുന്നു: ‘ഞങ്ങളുടെ തലയ്ക്കടിക്കാനാണ് പരിപാടി അല്ലേ..? നിങ്ങൾക്ക് സമയമൊന്നുമില്ലേ. ഇത് ശരിയാകില്ല..!’ സിറ്റി സർവീസിന്റെ മറുപടി ‘ ‘പോയി സർക്കാരിൽ പറഞ്ഞാ മതി !’ ഇൗ ബസിന്റെ യാത്ര കെഎസ്ആർടിസി അധികം കടന്നു ചെല്ലാത്ത വേട്ടമുക്ക്, ഇലിപ്പോട് ,വലിയ വിള, തിരുമല, വിജയമോഹിനി മിൽ, പൂജപ്പുര, കുഞ്ചാലൂം മൂട് വഴിയൊക്കെയാണ്.
അങ്ങനെ ഉൗടുവഴികളിലൂടെ 15 മിനിട്ട് വ്യത്യാസത്തിൽ ബസ് എത്തും. മാത്രമല്ല, ഏതെടുത്താലും 10 രൂപ എന്നതുപോലെ എവിടേക്ക് യാത്ര ചെയ്യാനും 10 രൂപ എന്ന ഓഫർ കൂടിയായതോടെ സിറ്റി സർവീസിന് യാത്രക്കാരുടെ പച്ചക്കൊടി തെളിയുന്നു. തിരുമലയിൽ നിന്ന് കരമന ജംക്‌ഷനിലെ മുത്താരമ്മൻ ദേവി ക്ഷേത്രത്തിലേക്ക് ആഴ്ചയിൽ 2 ദിവസം തൊഴാൻ പോകുന്ന വീട്ടമ്മയായ സുജാതയും ഇന്നലെ ആദ്യമായാണ് സിറ്റി സർവീസിൽ കയറിയത്. 10 രൂപയെന്ന് കേട്ടപ്പോൾ വിശ്വാസം വന്നില്ല. സംശയിക്കേണ്ട ജനുവരി 15 വരെ 10 രൂപയാണ് എങ്ങോട്ട് പോകാനും.
പത്രത്തിൽ കണ്ടു പുതിയ വണ്ടിയുടെ കാര്യം ഇതാണെന്നറിയാതെ കയറിയതാണ്. മകൻ ബൈക്കിൽ കൊണ്ടുപോയില്ലെങ്കിൽ 70 രൂപയാണ് ഓട്ടോ കൂലി ആവുക. തിരുമല–കരമന 55 രൂപ മീറ്ററിൽ തെളിഞ്ഞാലും 70 ചോദിക്കും.. വഴക്കിട്ടു മടുത്തു. ഇനി ഇൗ ബസിൽ തന്നെ ദേവിയെ കാണാനുള്ള യാത്ര. ബസ് ഉൗടുവഴികളിലൂടെ പോകുമ്പോൾ പരിഭവത്തോടെ നോക്കുന്ന ഒരു കൂട്ടരുണ്ട് : ഓരോ ജംക്‌ഷനിലെയും ഓട്ടോ സ്റ്റാൻഡിലുള്ളവർ. ബസ് കിട്ടണമെങ്കിൽ തന്നെ മെയിൻ റോഡിലേക്ക് ഓട്ടോ പിടിച്ച് പോകുന്നതായിരുന്നു ഇൗ പ്രദേശങ്ങളിലുള്ളവരുടെ ശീലം. അത് സിറ്റി സർവീസ് തെറ്റിച്ചതിന്റെ പരിഭവവുമുണ്ട്.


ഇന്നലെ കേട്ട പരാതി
വഴുതക്കാട്, മ്യൂസിയം വഴി വരുന്ന ബസുകൾ വികാസ് ഭവൻ ഡിപ്പോയിലെത്തി സമയം കുറിക്കണമെന്നതാണ് വ്യവസ്ഥ. കൂടാതെ ഇൗ ബസുകൾ യൂണിവേഴ്സിറ്റിയും കറങ്ങുന്നു. ഇത് വഴുതക്കാട്,മ്യൂസിയം മേഖലയിലെ സർക്കാർ ഓഫിസുകളിൽ ജോലിചെയ്യുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. റെയിൽവെ സ്റ്റേഷനിലേക്കും തമ്പാന്നൂർ ബസ് സ്റ്റേഷനിലും പെട്ടന്ന് എത്താൻ ഇൗ സിറ്റി സർവീസിൽ കയറുന്നവർക്ക് ബസുകളുടെ വികാസ് ഭവൻ ചുറ്റൽ സമയ നഷ്ടമുണ്ടാക്കുന്നു. ബോർഡുകളുടെ വലുപ്പം കുറവെന്നത് വായിച്ചെടുക്കാൻ പാടാണെന്നു പരാതിപ്പെടുന്നവരുമുണ്ട്.


10 രൂപ ടിക്കറ്റ് ഗുണം കണ്ടു
ആദ്യ 2 ദിവസങ്ങളിൽ 1000 രൂപ മാത്രം വരുമാനം കിട്ടിയ സിറ്റി സർവീസുകളിൽ പലതിനും 3000–3500 രൂപ വീതം വരുമാനം വന്നുതുടങ്ങി. ശരാശരി 100 യാത്രക്കാർ കയറിയ ബസുകളിൽ ഇന്നലെ 300 വരെ യാത്രക്കാർ കയറിയെന്നാണ് കണക്ക്. രാവിലെയും വൈകിട്ടും തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. പതിവായി മുടങ്ങാതെ സർവീസ് ഉണ്ടെന്ന് കണ്ടതോടെ ഇരുചക്ര വാഹനങ്ങളിൽ നഗരത്തിലെത്തുന്നവർ പതിയെ സിറ്റി സർവീസിലേക്ക് കയറുന്നതായും ബസ് ജീവനക്കാർ പറയുന്നു. ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയതോടെ നഗരത്തിൽ പല ആവശ്യങ്ങൾക്കും മുന്നും നാലും തവണ യാത്ര ചെയ്യുന്ന കടയിലെയും മറ്റും ജീവനക്കാർ ഇൗ ബസ്സുകളിലേക്കും കയറുന്നു.