ഫാസ് ടാഗില്‍ കൊള്ള: മിനിമം ബാലന്‍സില്ലെങ്കില്‍ ഇരട്ടിത്തുക, സര്‍വീസ് ചാര്‍ജ് ചട്ടലംഘനം
കൊച്ചി: ദേശീയ പാതയിലെ ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫാസ് ടാഗ് സമ്ബ്രദായത്തില്‍ വന്‍ കൊള്ള. വാഹനങ്ങളില്‍ പതിക്കേണ്ട ടാഗ് ലഭിക്കാന്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയത് ഉപഭോക്‌തൃ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. മിനിമം റീട്ടെയ്‌ല്‍ പ്രൈസ്(എം.ആര്‍.പി.) പ്രകാരം ഫാസ് ടാഗിനുള്ള പണം അടച്ചാല്‍ മാത്രം മതിയെന്നിരിക്കേ സര്‍വീസ് ചാര്‍ജായി 100 മുതല്‍ 300 രൂപവരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, മിനിമം ബാലന്‍സായി 200 രൂപ അക്കൗണ്ടില്‍ വേണമത്രേ. അതില്‍ താഴെയാണ് തുകയെങ്കില്‍ ഫാസ് ടാഗ് റീഡ് ചെയ്യുകയില്ല. തുടര്‍ന്ന് വാഹന ഉടമ യഥാര്‍ഥ ടോളിലും ഇരട്ടിത്തുക നല്‍കേണ്ടതായും വരുന്നു. ഇതിനെതിരേ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഉപയോക്‌താക്കള്‍.
അക്കൗണ്ടില്‍ പണമുണ്ടായിരിക്കേ ഇരട്ടി വാങ്ങുന്നത് അനീതിയാണെന്ന് ഉപഭോക്‌തൃ കേസുകളില്‍ വിദഗ്‌ധനായ അഡ്വ. ഡി.ബി. ബിനു ചൂണ്ടിക്കാട്ടി. നാഷണല്‍ ഹൈവേ അതോറിറ്റിക്ക് അടക്കം പരാതികള്‍ നല്‍കിയിട്ടും വിശദീകരണം ലഭിച്ചിട്ടില്ല. അതുകൊണ്ട് നിയമനടപടിക്ക് പോകാനാണ് തീരുമാനം.
ദേശീയ പാതയില്‍ കുമ്ബളം ടോള്‍ പ്‌ളാസയില്‍ ഫാസ് ടാഗിനെച്ചൊല്ലി കലഹം പതിവായിരിക്കുകയാണ്. ചില വേളയില്‍ ടാഗ് റീഡ് ചെയ്യാത്ത സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. പ്രമുഖ ബാങ്കുകളാണ് സര്‍വീസ് ചാര്‍ജ് ഈടാക്കി ഓണ്‍ലൈനില്‍ ഫാസ് ടാഗ് നല്‍കുന്നത്. കുമ്ബളം ടോള്‍ പ്‌ളാസയില്‍ ഫാസ് ടാഗ് ഏര്‍പ്പെടുത്താന്‍ 300 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ബിനു സൂചിപ്പിച്ചു.
മിനിമം ബാലന്‍സ് യഥാര്‍ഥത്തില്‍ ഹൈവേയില്‍ നടക്കുന്ന പകല്‍ക്കൊള്ളയാണെന്നും ഉപയോക്‌താക്കള്‍ക്ക് പ്രയോജനപ്പെടാതെ ഈ തുക കമ്ബനിക്ക് വെറുതേ കിട്ടുന്ന നിക്ഷേപമായി മാറുകയാണെന്നുമാണ് പരാതികള്‍. കോടികളാണ് ഇങ്ങനെ മിനിമം ബാലന്‍സായി വന്നുചേരുന്നതെന്നും ഇത് റദ്ദാക്കണമെന്നും യാത്രക്കാരും ആവശ്യപ്പെട്ടു.
Comments (0)