വിഭജനം, ഓർമയിലെ വേദന,,, സീനാ ജോസഫ്,, ന്യൂഡൽഹി

ഇന്ത്യ വിഭജന സമയത്ത് അമൃതസറിൽ നിന്ന് ലാഹോറിലേക്ക് ഒരു ട്രെയിൻ പുറപ്പെട്ടു. എട്ടു മണിക്കൂറിനു ശേഷം അതിൽ യാത്ര ചെയ്തിരുന്ന ഭൂരിഭാഗം ആളുകളും കൊല്ലപ്പെടുകയോ അക്രമിക്കപെടുകയോ ചെയ്‌തു. ആ അക്രമത്തിൽ  നിന്ന് രക്ഷപെടാൻ കുടുംബത്തോടെ പലായനം ചെയുന്ന സമയത്ത് ഒരച്ഛന് മകളെ തിരക്കിൽ നഷ്ടപ്പെട്ടു. മതവും ജാതിയും നോക്കി പരസ്പരം ആളുകൾ വെട്ടിക്കൊല്ലുന്ന, സ്ത്രീകളെ  ബലാത്സംഗം ചെയ്യുന്ന  ആ നഗരത്തിൽ എല്ലായിടത്തും ആ പിതാവ് മകളെ അന്വേഷിച്ചു.  

രണ്ടു ദിവസങ്ങൾക്ക് ശേഷം ഒരാശുപത്രിയിൽ ഒരു പെൺകുട്ടി ഉണ്ടെന്നറിഞ്ഞാണ് ആ പിതാവ് അവിടെചെല്ലുന്നത്. മേലാസകലം പരിക്കേറ്റു കിടക്കുന്ന പെൺകുട്ടിയെ, തന്റെ മകളെ മുഖത്തെ ഒരു മറുക് കൊണ്ട് അയാൾ തിരിച്ചറിഞ്ഞു അയാൾ ആഹ്ലാദത്തോടെ ശബ്ദം ഉണ്ടാക്കി. 

അർദ്ധബോധാവസ്ഥയിലായിരുന്ന പെൺകുട്ടി, മുന്നിൽ നില്കുന്നത് തൻറെ പിതാവാണെന്നു അറിയാതെ  തന്റെ സൽവാർ കമ്മീസ് അഴിച്ചു താഴേക്ക് നീക്കി എന്നിട്ടു പറഞ്ഞു .

"ദയവായി എന്നെ ഉപദ്രവിക്കരുത് നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളൂ..."

അത് കണ്ടിട്ട് പോലും തന്റെ   മകൾക്ക് ജീവൻ ബാക്കിയുണ്ട് എന്ന തിരിച്ചറിവിൽ  പിതാവ് ആഹ്‌ളാദം പ്രകടിപ്പിക്കുന്നത് കണ്ട ഡോക്ടർക്ക് ബോധക്ഷയം വന്നു.

ഇന്ത്യ പാക്കിസ്ഥാൻ വിഭജന സമയത്തെ കലാപത്തെ കുറിച്ച് കഥകൾ എഴുതിയ സാദത്ത് ഹസൻ മാന്തോയുടെ "KHOL DO – Open It" എന്ന കഥയുടെ സാരമാണ് മുകളിൽ. ഇന്ന് നമുക്ക് നമുക്ക് ഇത് അവിശ്വനീയമായി തോന്നാമെങ്കിലും വിഭജന സമയത്തും അതിനോടനുബന്ധിച്ചു നടന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ പാലായാനത്തിലും പരസ്പരം കൊന്നും ബലാത്സംഗം നടത്തിയും ഇന്ത്യയിലെ മുസ്ലിങ്ങളും ഹിന്ദുക്കളും സിഖുകാരും മതത്തിന്റെ പേരിൽ  ചെയ്ത പരസ്പരം ചെയ്ത  ക്രൂരകൃത്യങ്ങളുടെ ചരിത്രം വായിക്കുമ്പോൾ മേല്പറഞ്ഞത് ഏറ്റവും വിശ്വസനീയമായ സംഭവമാണെന്ന്  കാണാൻ കഴിയും. 

ജപ്പാനിൽ ആണവ ബോംബിൽ മരിച്ച ആളുകളുടെ പത്തിരട്ടി ആളുകളെയാണ്  ഇന്ത്യ പാക്കിസ്ഥാൻ വിഭജന സമയത്ത് പരസ്പരം കൊന്നു കൂട്ടിയത്.  ജപ്പാനിൽ നിമിഷനേരം കൊണ്ടായിരുന്നു മരണം എങ്കിൽ, ത്രിശൂലവും, വാളും ഉപയോഗിച്ച് പരസ്പരം അംഗഭംഗം വരുത്തിയും, എതിരാളികളുടെ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്തും തട്ടിക്കൊണ്ടുപോയും മറ്റും ഏറ്റവും വേദനാപൂർണമായ കലാപമായിരുന്നു ഇന്ത്യ പാക്കിസ്ഥാൻ വിഭജനവും ആയി ബന്ധപെട്ടുണ്ടായത്. (ഈയടുത്ത ആമസോൺ പ്രൈമിൽ വന്ന പാതാൾ ലോക് എന്ന സീരിസിന്റെ ഒരു പ്രധാന കഥാ തന്തുവും ഇതാണ്)  

ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെകുറിച്ചോ സംസ്കാരത്തെ കുറിച്ചോ ഒന്നുമറിയാതിരുന്ന സർ റാഡ്ക്ലിഫ് ഒരു മുറിയിൽ അടച്ചിരുന്നു ഇന്ത്യയെ രണ്ടായി വെട്ടിമുറിക്കുകയായിരുന്നു. അദ്ദേഹത്തേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എത്രയും പെട്ടെന്ന് ഇന്ത്യയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന ഒരു രാഷ്ട്രീയ തീരുമാനം ബ്രിട്ടൻ എടുത്തു കഴിഞ്ഞിട്ട് ഇന്ത്യയിൽ എന്ത് സംഭവിക്കുന്നു എത്ര പേര് മരിക്കുന്നു എന്നത് അവർക്കൊരു പ്രശ്നമായിരുന്നില്ല, വിഭജനത്തിനു മതിയായ സമയം കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ കുറെ മരണങ്ങൾ ഒഴിവാക്കാമായിരുന്നു. 

ഒട്ടും സാവകാശം കൊടുക്കാതെ ഇന്ത്യ പാകിസ്ഥാൻ വിഭജന നടത്തിയപ്പോൾ അതിൽ ഏറ്റവും കൂടുതൽ പ്രശനം വന്നത് പഞ്ചാബിലും ബംഗാളിലുമാണ്. ഏറ്റവും കൂടുതൽ കലാപങ്ങൾ നടന്നതും അവിടങ്ങളിലാണ്. ബംഗാളിൽ ഇല്ലാത്ത ഒരു പ്രശനം പഞ്ചാബിൽ ഉണ്ടായിരുന്നു.സിഖ് വംശജർ ഇന്ത്യക്കും പാകിസ്താനുമിടക്ക് വിഭജിക്കപ്പെട്ടു പോയി. ലാഹോറും അനേകം ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും കൂടിപാർക്കുന്ന ഒരു നഗരമായിരുന്നു.   അവരുടെ കൃഷിയിടങ്ങൾ രണ്ടു രാജ്യങ്ങളിലായിപ്പോയി. ബംഗാളിൽ കൽക്കട്ടയിൽ നിന്ന് മുസ്ലിങ്ങൾ ധാക്കയിലേക്കും, ധാക്കയിലെ ഹിന്ദുക്കൾ കല്കട്ടയിലേക്കും പലായനം ചെയ്തു.പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഗുർദാസ്പൂർ ജില്ലാ ഇന്ത്യയിൽ പെട്ടുപോയതും, പഞ്ചാബികളുടെ നങ്കണ സാഹേബ് പാകിസ്താനിലും പെട്ടുപോയി. 

പാകിസ്ഥാനിൽ പെട്ട പഞ്ചാബിൽ നിന്ന് അക്രമത്തിനു ഇരയായി ഇന്ത്യയിലെ പഞ്ചാബിലേക്ക് വന്ന ആളുകൾ ഇന്ത്യയിലെ പഞ്ചാബിൽ നിന്ന് പാകിസ്താനിലേക് പോകുന്ന മുസ്‌ലിംങ്ങളെ ആക്രമിച്ചു കൊന്നു. തിരിച്ച് ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് പോയ മുസ്ലിങ്ങൾ തിരിച്ചു ഇതുപോലെ ഹിന്ദുക്കളോടും പഞ്ചാബികളോടും ചെയ്തു.   അന്നത്തെ ചില ദൃക്‌സാക്ഷി വിവരണങ്ങൾ  ചരിത്ര പുസ്തകങ്ങളിൽ വായിക്കുമ്പോൾ നമ്മുടെ രക്തം ഉറഞ്ഞു പോകും, മനുഷ്യർക്ക് ഇത്രമാത്രം ക്രൂരന്മാരാകാമോ എന്ന് നമുക്ക് സംശയം തോന്നും. ഉദാഹരണത്തിന്.

"ഒരു ദിവസം ഉച്ച കഴിഞ്ഞ് ഫിറോസ്പൂർ സ്റ്റേഷനിലേക്ക് ശൂന്യമായ ഒരു അഭയാർത്ഥി വണ്ടി ആവിതുപ്പിയെത്തി. ഡ്രൈവർക്ക് പേടി മൂലം ഭ്രാന്ത് പിടിച്ചിരുന്നു. ഗാർഡ് പിറകിൽ മരിച്ചു കിടക്കുന്നു. കൽക്കരി കോരുന്നവനെ കാണാനില്ല. ഞാൻ പ്ലാറ്റുഫോമിലൂടെ നടന്നു. രണ്ടു ബോഗികളിൽ ഒഴികെ മറ്റെല്ലായിടത്തും അകത്തും പുറത്തും ചോര. ഒരു മൂന്നാം ക്ലാസ് മുറിയിൽ മൂന്നു ശവങ്ങൾ  രക്തത്തിൽ കുളിച്ച് കിടക്കുന്നു. ലാഹോറിനും ഫിറോസ്പൂരുനിമിടയിൽവച്ച് സായുധരായ ഒരു സംഘം മുസ്ലിങ്ങൾ തീവണ്ടി നിറുത്തിച്ച്പട്ടാപകൽ  ഈ ഇറച്ചിവെട്ടു വളരെ വൃത്തിയായി ചെയ്തതാണ്. 

എനിക്ക് എളുപ്പം മറക്കാനാവാത്ത മറ്റൊരു കാഴ്ചയുണ്ട്. സത്‌ലജ് പാലം വഴി പാകിസ്താനിലേക്ക് ഒച്ചുവേഗത്തിൽ ഇഴഞ്ഞുനീങ്ങുന്ന മുസ്ലിം അഭയാർത്ഥി പ്രവാഹം. ആറഞ്ചുനാഴിക നീളം വരും. പലതരം സാധനങ്ങൾ  അട്ടിയിട്ട കാളവണ്ടികൾ. ഓരംചേർന്നു കന്നുകാലികൾ, ഒക്കത്ത് കുഞ്ഞുങ്ങളും തലയിൽ കഷ്ടം തോന്നിക്കുന്ന കൊച്ചുതകരപ്പട്ടികളുമായി പെണ്ണുങ്ങൾ. വാഗ്‌ദത്തഭൂമിയിലേക്ക് ഇരുപതിനായിരം സ്ത്രീകളും പുരുഷന്മാരും കുട്ടികളും നടക്കുകയാണ്. അത് വാഗ്‌ദത്തഭൂമി ആയതുകൊണ്ടല്ല. ഹിന്ദുക്കളും സിഖുകാരും ഫരീദ്കോട് ജില്ലയിലും ഫിറോസ്പൂർ  ജില്ലയുടെ ഉൾപ്രദേശങ്ങളിലും  വച്ച്  നൂറുകണക്കിന് മുസ്ലിങ്ങളെ അരിഞ്ഞുവീഴ്ത്തിക്കഴിഞ്ഞിരുന്നു. ബാക്കിയുള്ളവർ ജീവനും  കൊണ്ട് ഒഴിഞ്ഞുപോകുകയാണ്. 

ഒന്നും രണ്ടുമല്ല പത്ത് ലക്ഷം പേരാണ് ഇങ്ങിനെ ഇരുഭാഗത്തും നിന്നുമായി  കൊല്ലപ്പെട്ടത്. ഏതാണ്ട് ഒന്നരക്കോടിയോളം ആളുകൾ അവരുടെ വീടുകളിൽ നിന്നു വേറെ രാജ്യത്തേക്ക് പലായനം ചെയ്യേണ്ടി വന്നു. 

ബംഗാളിൽ കലാപം കുറച്ചെങ്കിലും കുറഞ്ഞത് ഗാന്ധിജിയുടെ ഇടപെടൽ കൊണ്ടുമാത്രമായിരുന്നു. പിന്നീട്  ബിഹാറിലുംഡൽഹിയിലും എല്ലാം  ഇതേ മാജിക് ആവർത്തിച്ചു. ഒരേസമയം പഞ്ചാബിലും ബംഗാളിലും പോകാൻ നമുക്ക് ഒരു ഗാന്ധി മാത്രമല്ലെ ഉണ്ടായിരുന്നുള്ളൂ. ഗാന്ധി ബംഗാളിൽ ഉള്ള സമയത്ത് പഞ്ചാബിൽ അക്രമം നിയന്ത്രണം ഇല്ലാതെ നീണ്ടു. ബാക്കിയുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യം ബ്രിട്ടീഷുകാരുടെ മാത്രം സുരക്ഷാ നോക്കി. ഇന്ത്യയിൽ ബാക്കിയുണ്ടായിരുന്ന  മുസ്ലിങ്ങൾക്ക് സുരക്ഷാ ഒരുക്കി എന്നതായിരുന്നു ഗാന്ധി കൊല്ലപ്പെടാനുള്ള ഒരു കാരണമായി ഗോഡ്സെ പറഞ്ഞത്. 

അന്നത്തെ ഇന്ത്യ പാകിസ്ഥാൻ ചരിത്രം ഒറ്റ വാക്കിൽ എഴുതിയാൽ അതിങ്ങിനെയിരിക്കും. 

"Once We were brothers, then we started killing each other.."

വർഷങ്ങൾ കുറെ കഴിഞ്ഞു. അംബേദ്‌കർ നമുക്ക് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലായ ,  ലോകോത്തരമായ ഒരു ഭരണഘടനാ തന്നു, നെഹ്‌റു ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും തന്നു, രാഷ്ട്രീയ സ്ഥിരത കുറച്ചെങ്കിലും മുന്നേറ്റം നടത്താൻ നമ്മുടെ രാജ്യത്തിനായി. കലാപത്തെ കുറിച്ചുള്ള ഓർമ്മകൾ ഒരു പക്ഷെ കുറെ നാളത്തേക്കെങ്കിലും ഭരണകർത്താക്കളെയും , സാധാരണ ജനങ്ങളെയും  സമാധാനം പുലർത്താൻ പ്രേരിപ്പിച്ചു. പക്ഷെ യുദ്ധങ്ങളുടെ ഓർമ്മകൾ ചിലപ്പോൾ വെറും ഒരു തലമുറ മാത്രം നിലനിൽക്കുന്ന ഒന്നാണ്. അതിനു ശേഷം അധികാരം നിലനിർത്താൻ ഏറ്റവും എളുപ്പം മതമാണെന്നു തിരിച്ചറിഞ്ഞ ആളുകൾക്ക് പഴയ മരണങ്ങളുടെ അറിവോ ഓർമയോ ഉണ്ടാവില്ല. അവർ നമ്മളുടെ  രാഷ്ട്രീയ ബോധത്തെ എഴുപതോളം വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കും, താൽക്കാലികമായെങ്കിലും അതിൽ വിജയിക്കുകയും ചെയ്യും. 

കേരളത്തിന്റെ പ്രത്യേകത എന്നത് മേല്പറഞ്ഞ വിഭജനത്തിന്റെ ചൂടിൽ നിന്ന് ഏതാണ്ട് പരിപൂർണമായും രക്ഷപെട്ടു എന്നതാണ്.രാഷ്ട്രീയത്തിൽ  മതം കലർന്നാൽ  ഉണ്ടാവുന്ന ഭവിഷ്യത്തുകൾ നമുക്ക് അധികം അറിയില്ല.  ഏറ്റവും കൂടി വന്നാൽ, ഒരു മാറാട് കലാപമോ, പൂന്തുറയോ, മട്ടാഞ്ചേരി കലാപമോ ഒക്കെ മാത്രമാണ് നമ്മൾ കണ്ടിട്ടുള്ളത്. പക്ഷെ ഇപ്പോൾ പോകുന്ന പോലെ അതിതീവ്ര, ഹിന്ദു, ക്രിസ്ത്യൻ മുസ്ലിം വർഗീയതയാണ് നമ്മൾ തുടർന്ന് പോകുന്നതെങ്കിൽ കേരളത്തിൽ ചോരപ്പുഴ ഒഴുകുമെന്നത് സംശയമില്ലാത്ത കാര്യമാണ്. 

നമ്മുടെ കുട്ടികൾ ഇന്ത്യ വിഭജനത്തെ കുറിച്ചും അതുമൂലം ഉണ്ടായ കലാപങ്ങളെ കുറിച്ചും ഇപ്പോൾ പഠിക്കാൻ കാരണം ചില മുതിർന്ന ആളുകൾ അപക്വമായി മതത്തെ അടിസ്ഥാനപ്പെടുത്തി രാജ്യത്തെ വിഭജിക്കാൻ തീരുമാനം എടുത്തത് കൊണ്ടാണ്. 

????????നാളെ കേരളത്തിലെ ഭാവി തലമുറ ഒരു കലാപത്തെ കുറിച്ചോ, കൂട്ട മരണങ്ങളെ കുറിച്ചോ പഠിക്കാതിരിക്കണമെങ്കിൽ നമ്മൾ മതത്തെ രാഷ്ട്രീയത്തിന്റെ പുറത്ത് നിർത്തണം എന്ന് ദൃഡപ്രതിഞ്ജ എടുത്തേ മതിയാകൂ.