ഉല്‍പ്പാദനം കൂടിയപ്പോള്‍ വിലയില്ല; ഏലം കര്‍ഷകര്‍ക്ക്‌ തിരിച്ചടി

ഉല്‍പ്പാദനം കൂടിയപ്പോള്‍ വിലയില്ല; ഏലം കര്‍ഷകര്‍ക്ക്‌ തിരിച്ചടി

കട്ടപ്പന : ഉല്‍പ്പാദനം വര്‍ധിച്ചെങ്കിലും ഏലക്കാ വിലയില്‍ കാര്യമായ വര്‍ധനയില്ലാത്തത്‌ കര്‍ഷകര്‍ക്ക്‌ തിരിച്ചടി. ശൈത്യകാലമാണെങ്കിലും ഇടവിട്ട്‌ മഴ ലഭിച്ചതാണ്‌ ഏലം കൃഷിക്ക്‌ അനുകൂല സാഹചര്യമൊരുക്കിയത്‌. ഏതാനും വര്‍ഷങ്ങളായി ഏലം കൃഷിക്ക്‌ അനുയോജ്യമായ കാലാവസ്‌ഥയല്ലായിരുന്നു ഇടുക്കിയില്‍ നിലനിന്നിരുന്നത്‌.
എന്നാല്‍, ഇത്തവണ അനുകൂല കാലാവസ്‌ഥ ലഭിച്ചതോടെ വിളവും വര്‍ധിച്ചു. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ കൂടി വിളവെടുക്കാമെന്നാണു പ്രതീക്ഷ. മുന്‍ വര്‍ഷങ്ങളില്‍ പ്രളയവും തുടര്‍ന്നുണ്ടായ വരള്‍ച്ചയും ഏലം കര്‍ഷകര്‍ക്ക്‌ വന്‍ ബാധ്യതയാണ്‌ സൃഷ്‌ടിച്ചത്‌.
സ്വകാര്യ കമ്ബനികള്‍ ഏലം ലേലം തുടങ്ങിയെങ്കിലും വില വര്‍ധനയുണ്ടായിട്ടില്ല. 2019 ഓഗസ്‌റ്റ്‌ മൂന്നിനാണ്‌ ഏലത്തിന്‌ എക്കാലത്തെയും വലിയ വില ലഭിച്ചത്‌. പുറ്റടി സ്‌പൈസസ്‌ പാര്‍ക്കില്‍ നടന്ന ഇ-ലേലത്തില്‍ 7,000 രൂപയാണ്‌ അന്ന്‌ ലഭിച്ചത്‌.
കട്ടപ്പന കമ്ബോളത്തിലും 6,000 രൂപയ്‌ക്ക്‌ മുകളില്‍ വില ലഭിച്ചു. പ്രളയവും വേനലും ഉല്‍പ്പാദനം ഇടിച്ചതും പൂഴ്‌ത്തിവയ്‌പ്പുമാണ്‌ അന്ന്‌ വില ഉയരാന്‍ കാരണമായത്‌. എന്നാല്‍ പിന്നീട്‌ വില താഴ്‌ന്ന്‌ 1,200 വരെ എത്തുകയും ചെയ്‌തു. ഒക്‌ടോബറില്‍ പുറ്റടി സ്‌പൈസസ്‌ പാര്‍ക്കില്‍ നടന്ന ഇ-ലേലത്തില്‍ 1,350 രൂപയാണ്‌ ഏലക്കായ്‌ക്ക്‌ ലഭിച്ചത്‌. കട്ടപ്പന കമ്ബോളത്തില്‍ ശരാശരി 1,200 രൂപയും. ഡിസംബറില്‍ നടന്ന ഇ-ലേലത്തില്‍ ശരാശരി വില 1,926 വരെ ലഭിച്ചെങ്കിലും പിന്നീട്‌ വില ഉയര്‍ന്നില്ല. ചൊവ്വാഴ്‌ച കാര്‍ഡമം പ്ലാന്റേഴ്‌സ്‌ മാര്‍ക്കറ്റിങ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി നടത്തിയ ഇ-ലേലത്തില്‍ 1,626 രൂപയാണ്‌ ശരാശരി വില ലഭിച്ചത്‌.
വില താഴ്‌ന്നതോടെ കര്‍ഷകരില്‍ പലരും ഏലക്ക വിറ്റഴിക്കാന്‍ മടിക്കുകയാണ്‌. ഡിസംബറില്‍ നടന്ന ഇ-ലേലത്തില്‍ 1,926 രൂപ ലഭിച്ചതോടെ വില ഉയരുമെന്ന പ്രതീക്ഷയില്‍ വന്‍കിട കര്‍ഷകരും വ്യാപാരികളും ഏലക്ക സംഭരിച്ചിരുന്നു. എന്നാല്‍ വിലയിടിവ്‌ ഇവര്‍ക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌.