അഡ്വ: ഗോപകുമാറിനെതിരെ, രാമങ്കരി കോടതി പരിസരത്ത് പുളിങ്കുന്ന് പോലീസിൻ്റെ അതിക്രമം, :സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (CHRF) ശക്തമായി പ്രതിഷേധിച്ചു.

അഡ്വ: ഗോപകുമാറിനെതിരെ, രാമങ്കരി കോടതി പരിസരത്ത് പുളിങ്കുന്ന് പോലീസിൻ്റെ അതിക്രമം, :സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (CHRF) ശക്തമായി പ്രതിഷേധിച്ചു.

ആലപ്പുഴ:

ഭരണഘടനാ സ്ഥാപനമായ ജുഡീഷ്യറിയുമായി ഏറ്റവും അടുത്ത് നിൽക്കുന്ന അഭിഭാഷകർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ഇന്ത്യയിൽ പല ഭാഗങ്ങളിലെന്നപോലെ ഇപ്പോൾ കേരളത്തിലും പലപ്പോഴായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്രമായ നിലനിൽപ്പിനും, ജനാധിപത്യ സ്വാതന്ത്ര്യ ,അവകാശങ്ങളുടെ ഉറപ്പിനും അഭിഭാഷകരുടെ പങ്ക് വളരെ വലുതാണ് അതിന് ഭംഗം വരാതിരിക്കുമ്പോഴാണ് നീതിന്യായ സംവിധാനം പൂർണതയിൽ എത്തി നിൽക്കുന്നതും. ആലപ്പുഴ ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ഗോപകുമാറിനെ രാമങ്കരി കോടതിയിൽ വച്ച് പോലീസ് മർദ്ദിച്ച സംഭവം നീതിന്യായ വ്യവസ്ഥക്ക് അപമാനകരമായ ഒന്നാണ്, സാധാരണ തെരുവുകളിൽ കാണിക്കുന്ന ഗുണ്ടായിസം കോടതി വളപ്പിൽ അഭിഭാഷകരോടു് കാണിച്ച ഇത്തരം ക്രിമിനൽ പോലീസ് കാർക്കെതിരെ നീതിന്യായപീഠവും പോലീസ് ഉന്നതാധികാരികളും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെടുന്നതോടൊപ്പം ഇത്തരം മോശം പ്രവൃത്തികളെ സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ശക്തമായിത്തന്നെ പ്രതിഷേധിക്കുന്നു. അഭിഭാഷകർ സ്വന്തം തൊഴിലിടങ്ങളിൽ പോലും ആക്രമിക്കപ്പെടുന്ന അവസ്ഥ ഭീകരമാണ്. അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഉദാസീന നയം ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതാണ്

ഒരു LP കേസിൽ പ്രതിക്ക് ജാമ്യമെടുക്കാനാണ് അഡ്വ. ഗോപകുമാർ രാമങ്കരി കോടതിയിൽ എത്തിയത്.പുറത്തിറങ്ങിയപ്പോൾ പോലീസ്  അഭിഭാഷകനെ ശരീരികമായി ഉപദ്രവിച്ചതായും അഭിഭാഷകനെ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു .

കോടതിയിൽ വച്ചുതന്നെ അഭിഭാഷകനെതിരെയുണ്ടായ പോലീസിന്റെ അതിക്രമം മാന്യതയുടെയും മര്യാദയുടെയും അതിർവരമ്പുകൾ ലംഘിച്ചിരിക്കുകയാണെന്ന് പറയാതെ വയ്യ. ഇത് നിയമത്തിന്റെ നഗ്നമായ ലംഘനവും ദുരുപയോഗവുമാണ്. മാതൃകാപരമായി പെരുമാറേണ്ട നിയമപാലകർക്ക് ഈ ക്രിമിനൽ പോലീസുകാർ ഇത്തരം പ്രവൃത്തികളിലൂടെ അപമാനിതരാക്കുകയാണ്‌ ചെയ്യുന്നത്.ഇത്തരം ക്രിമിനൽ പോലീസുകാർ എന്നും ഒരു സാമൂഹ്യവിപത്ത് തന്നെയാണെന്ന് പറയാതെ വയ്യ. കാക്കിധാരികളുടെ അതിക്രമങ്ങൾ തുടർക്കഥയാവുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഈ ശ്രേണിയിലുള്ളവർക്ക് നീതിന്യായപീഠവും ഭരണകൂടവും കൃത്യമായ മറുപടികൾ നൽകുന്നില്ല എന്നതിനാലാണ്, സമൂഹത്തിൽ നിലയും വിലയുമുള്ള, കോർട്ട് ഓഫീസർ എന്ന ലേബലുമുള്ള അഭിഭാഷകരോടുള്ള പോലീസിന്റെ മനോഭാവം ഇങ്ങനെയാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താവും ? ആലോചിക്കേണ്ട വിഷയമാണ്. പോലീസുകാരുടെ കൈത്തരിപ്പ് തീർക്കാൻ നിസ്സാര കാരണങ്ങളുടെ പേരിൽ, അല്ലെങ്കിൽ അകാരണമായി, അതുമല്ലെങ്കിൽ കാരണങ്ങളുണ്ടാക്കി ആളുകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

അഭിഭാഷകരുടെ മേൽ കുതിര കയറാനല്ല പോലീസ് ശ്രമിക്കേണ്ടത്. പോലീസ് കവല ചട്ടമ്പികളെപ്പോലെ പെരുമാറുന്നത് തടയാൻ ആഭ്യന്തര വകുപ്പിന് കഴിയാത്തത് എന്തുകൊണ്ടാണ്! ന്യായവും നീതിയും നടപ്പിലാക്കുവാനുള്ള ജനാധിപത്യ സംവിധാനമാണ് പോലീസ്. അതിനെ കൈക്കരുത്ത് കാട്ടി ദുരുപയോഗം ചെയ്യുന്നത് തടയുക തന്നെ വേണം. പൊതുജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാനാണ് ചില പ്രത്യേക അധികാരങ്ങളും അവകാശങ്ങളും പോലീസിന് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞു അവഗണിക്കേണ്ട ഒന്നല്ല അഭിഭാഷകർക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങൾ. പോലീസിനെ ജനകീയവൽക്കരിക്കുമെന്ന് പറഞ്ഞാൽ മാത്രം തീരുന്നതാണോ സർക്കാരിന്റെ ഉത്തരവാദിത്തം !! അതിനുള്ള ക്രിയാത്മകവും സത്യസന്ധവുമായ എന്ത് നടപടികളാണ് ഉണ്ടായിട്ടുള്ളത് എന്ന് ചോദിച്ചാൽ, ഒന്നുമില്ലെന്ന് തന്നെ പറയേണ്ടിവരും.

അഭിഭാഷകർക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങൾ തടയുവാനും ആവർത്തിക്കുന്നില്ലെന്നു ഉറപ്പുവരുത്തുവാനും സർക്കാരിന്റെ ഭാഗത്തുനിന്നും സത്വരവും ഫലപ്രദവുമായ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. ക്രിമിനൽ സ്വഭാവമുള്ള പോലീസുകാരെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് തന്നെ പൊതുസമൂഹത്തിന് ഭീഷണിയാണ്. ഒഫീഷ്യൽ ഡ്യൂട്ടി എന്ന പേര് പറഞ്ഞു പോലീസുകാർ അധികാരം ദുർവിനിയോഗം ചെയ്യുന്നത് അവസാനിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടികൾ ഉണ്ടാവണം. ഈ വിഷയത്തിൽ കുറ്റക്കാരായവർക്കെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്നു. അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുന്നതോടൊപ്പം  ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതും സർക്കാരിന്റെ ബാധ്യതയാണ്.