ലഹരിക്കേസ് അട്ടിമറിച്ച് എക്‌സൈസ്: 11 കോടിയുടെ കേസിൽ പിടിച്ചെടുത്തത് 1.86 കിലോ ഗ്രാം എംഡിഎംഎ, പ്രതികളുടെ പേരിൽ 86 ഗ്രാം മാത്രം
കൊച്ചി: കാക്കനാട്ടുള്ള ഫ്‌ലാറ്റിൽ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവം അട്ടിമറിച്ച് എക്‌സൈസ്. കേസിൽ 86ഗ്രാം മാത്രമാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു കിലോയിലധികം എംഡിഎംഎ ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നാണ് കണ്ടെത്തിയതെന്ന് എക്‌സൈസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
രണ്ട് എഫ്‌ഐആറുകളാണ് കേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യത്തേതിൽ അഞ്ച് പ്രതികളുടെ പേരിൽ 86 ഗ്രാം ലഹരിമരുന്ന് കണ്ടെത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ എഫ്‌ഐആറിൽ കാക്കനാട്ടെ ഒരു ഫ്‌ലാറ്റ് പരിസരത്തെ കാർ പാർക്കിംഗ് ഏരിയയിൽ പരിശോധിച്ചപ്പോൾ ലഹരിമരുന്ന് കണ്ടെത്തിയെന്നാണ് ഉള്ളത്.
കേസിൽ പിടിയിലായ ഒരു യുവതിയെ ചോദ്യം ചെയ്യാതെ വിട്ടയച്ചതായും പരാതി ഉയരുന്നുണ്ട്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്ന് വ്യാഴാഴ്‌ച്ച പുലർച്ചെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിലായത്. 1.86 കിലോ ഗ്രാം ലഹരിയാണ് ഇവരിൽ നിന്നും മൊത്തം പിടിച്ചെടുത്തത്.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്‌ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരുകിലോയിലധികം എംഡിഎംഎ കൂടി പിടിച്ചു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്ത ജില്ലയിലെ എക്‌സൈസ് എൻറഫോഴ്‌സ്‌മെൻറ് ആൻഡ് ആൻറി നർക്കോട്ടിക് വിഭാഗം കേസ് അട്ടിമറിച്ചെന്ന ആക്ഷേപമാണ് ഉയരുന്നത്.



Author Coverstory


Comments (0)