പുസ്തകപരിചയം: സ്‌കൂളകം - ലൈല മൊയ്തു

പുസ്തകപരിചയം: സ്‌കൂളകം - ലൈല മൊയ്തു

വിദ്യാലയ ജീവിതം ഏതൊരു വ്യക്തിയുടേയും മറക്കാനാവാത്ത ഒരനുഭൂതിയാണ്. അതുകൊണ്ട് തന്നെ കാരൂര്‍ നീലകണ്ഠപിള്ള മുതല്‍ അക്ബര്‍ കക്കട്ടില്‍ വരെയുള്ളവരുടെ അദ്ധ്യാപക കഥകള്‍ നാം വീണ്ടും വീണ്ടും വായിച്ച് ആസ്വദിക്കുന്നത്.


കോട്ടയം ജില്ലയില്‍ ജനിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അദ്ധ്യാപന ജീവിതത്തിലൂടെ കടന്നു പോയ ലൈല മൊയ്തു ടീച്ചര്‍ അവരുടെ അദ്ധ്യാപന ജീവിതത്തില്‍ നിന്നും ലഭിച്ച അനുഭവങ്ങള്‍ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുകയാണ് യെസ്പ്രസ് ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 'സ്‌കൂളകം' എന്ന പുസ്തകത്തില്‍. പതിനഞ്ചു ചെറുകഥകള്‍ കോര്‍ത്തിണക്കിയ സ്‌കൂളകത്തിലെ 'അനാഥരുടെ നിലവിളികള്‍' എന്ന ഒരറ്റ കഥകൊണ്ടു തന്നെ ഒരു കഥയെ നാം എങ്ങനെ സമീപിക്കണം, കഥ സാധ്യമാക്കുന്ന നാനതരം അര്‍ത്ഥ തലങ്ങള്‍ അനുഭവങ്ങള്‍ ഇവയില്‍ നിന്ന് ഏതൊക്കെ തിരഞ്ഞെടുക്കണം എന്നൊക്കെ കഥ നമ്മെ പഠിപ്പിക്കുകയാണ്. മുക്കം ഓര്‍ഫനേജ് സ്‌കൂളിലെ അദ്ധ്യാപികയായി കടന്നു ചെന്ന് തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയുടേയും കുടുംബത്തിന്റെ ആത്മാവ് തൊട്ടറിയാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഏറെ ആദരിക്കപ്പെടുന്ന തൊഴിലാണ് അദ്ധ്യാപകരുടേതെങ്കിലും സഹപ്രവര്‍ത്തകരാലും, പ്രധാനാദ്ധ്യാപകരാലും ചിലരെങ്കിലും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു എന്നത് പരമമായ ഒരു സത്യമാണ്. പലപ്പോഴും സഹപ്രവര്‍ത്തകരാല്‍ ചൂടിക്കപ്പെടുന്ന മുള്‍ക്കിരീടം വേദനയോടെ ചുമക്കുന്നവരാണധികവും. പ്രധാന അദ്ധ്യാപകന്റെ ഇഷ്ടക്കാരുടെ ഭരണമാണ് പല വിദ്യാലയങ്ങളിലും. തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളോടൊത്ത് വിനോദയാത്ര പോകാന്‍ പോലും ചില അദ്ധ്യാപകരെ ഒരിക്കലും അനുവദിക്കാറില്ല. അത്തരം കാര്യങ്ങളൊക്കെ ഇഷ്ടക്കാരുടെ മാത്രം വിനോദങ്ങളായി മാറുന്നു. പലപ്പോഴും സഹപ്രവര്‍ത്തകരാല്‍ അപമാനിക്കപ്പെടുന്ന അദ്ധ്യാപകസമൂഹത്തിന്റെ ആത്മ രോഷം ചുടുകണ്ണീരായി പരിണമിക്കുന്നതാണ് രസതന്ത്രം, മനസ്സിലേയ്ക്ക് തുറക്കുന്ന വാതില്‍ എന്നീ കഥകള്‍. വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നടത്തേണ്ട അദ്ധ്യാപകരിലും കലിബാധ പടര്‍ന്നിരിക്കുന്നു. അദ്ധ്യാപനം തൊഴില്‍ എന്നതിലുപരി സേവനം കൂടിയാണ്. അദ്ധ്യാപരുടെ സേവനത്തെ വിലമതിച്ച് കാണുവാനും അവരെ സ്‌നേഹിക്കുവാനും കടപ്പെട്ടവരാണ് വിദ്യാര്‍ത്ഥി സമൂഹം. മുക്കം ഓര്‍ഫനേജ് സ്‌കൂളിലെ 'അബ്ദുവിനെ' അവതരിപ്പിച്ചിരിക്കുന്ന 'നീറുന്നൊരോര്‍മ്മ'എന്ന കഥ നമ്മുടെ മനസ്സില്‍ കുപ്പിയും പാട്ടയും പെറുക്കി വിറ്റു ജീവിക്കുന്ന ഉപ്പയുടെ കൂടെ നടന്നു നീങ്ങുന്ന അബ്ദുവിന്റെ മായാത്ത ചിത്രം തെളിയിക്കുന്നു. നാല്‍പ്പത്തിഒന്ന് വര്‍ഷത്തിനു ശേഷം വന്ന ഒരു ടെലഫോണ്‍ കോള്‍ അദ്ധ്യാപകരുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും ഒത്തുചേരലിനായിരുന്നു. അനാഥരുടേയും സനാഥരുടേയും കൂട്ടായ്മയായ മുക്കം ഓര്‍ഫനേജ് ഹൈസ്‌കൂളിന്റെ തണല്‍, ഇന്നും നമ്മുടെയുള്ളില്‍ നിത്യപ്രണയിനികളായി ജീവിക്കുന്ന കാഞ്ചനമാലയുടേയും മൊയ്തീന്റെയും കഥ പറഞ്ഞ ഗ്രാമം. ആ വിദ്യാലയത്തിലേയ്ക്ക് തിരിച്ചെത്താന്‍ കൊതിക്കാത്തവരാരുമില്ല. അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് ഇതേ ഓര്‍ഫനേജില്‍ പഠിച്ചു വളര്‍ന്ന് നാഗലാന്റ് കളക്ടറായ മുഹമ്മദ് അലി ഷിഹാബ് ഐ.എ.എസ്. ഒരനാഥാലയ അന്തേവാസി, സിവില്‍ സര്‍വ്വീസ് പദവിയില്‍ അവിശ്വസനീയമായ ജീവിത വിജയം. ഒരു പക്ഷേ ഒരദ്ധ്യാപികയുടെ ജീവിതത്തിലെ അനര്‍ഘമായ നിമിഷം. ലൈല മൊയ്തു ടീച്ചര്‍ 'സ്‌കൂളകം' എന്ന പുസ്തകത്തിലൂടെ തന്റെ അദ്ധ്യാപന ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് ഭാസുരമായ കഥകളിലൂടെ അനുഭൂതിയുടെ പ്രത്യയ ശാസ്ത്രവും സൗന്ദര്യശാസ്ത്രവും കൃത്യമായി അവതരിപ്പിച്ച് നമ്മെ അത്ഭുതസ്തബ്ദരാക്കുന്നു  എന്ന് നിസംശയം പറയാം.

ശശി കളരിയേല്‍