സിദ്ധാശ്രമത്തിന് നൂറ് വയസ്സ്

സിദ്ധാശ്രമത്തിന് നൂറ് വയസ്സ്

ശശി കളരിയേൽ


ഞങ്ങൾ വടകരക്കാർക്ക് എണ്ണയായാലും കുഴമ്പ്, അരിഷ്ടം ഇതൊക്കെ വാങ്ങിയാൽ ഒരു തൃപ്തി തോനണമെങ്കിൽ സ്വാമിമാരുടെ കടയിൽ നിന്നായിരിക്കണം. തലമുറകളായി ഞങ്ങളുടെ വിശ്വാസം. തച്ചോളി ഒതേനന്റെ ഇഷ്ടദേവതയായ ലോകനാർകാവിലമ്മ വാണരുളുന്ന സമുച്ച്‌യത്തിൽ നിന്ന് ഒരു വിളിപ്പാടകലെയാണ് എറെ പ്രത്യേകതകളുള്ള സിദ്ധാശ്രമം. എകദേശം 35 എകർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഒരു സ്വയംപര്യാപ്ത ആശ്രമ സമുച്ചയം.

പച്ചക്കറികളും ഔഷധ സസ്വജാലങ്ങളും, പോസ്റ്റാഫീസും ഡിസ്‌പെൻസറിയും ശിവാനന്ദ പരമഹംസരുടെ കൂറ്റൻ സമാധിമണ്ഡപവും ഇവിടെയുണ്ട്. എണ്ണയുടെയും കുഴമ്പിന്റെയും അരിഷ്ടത്തിന്റെയും സമ്മിശ്രഗന്ധം നമുക്ക് നവോന്മേഷം പകരും. ഒറ്റമുണ്ട് ഉടുത്ത പു രുഷന്മാരും മുണ്ടും റൗക്കയുമണിഞ സ്ത്രീകളും ഈ സോഷ്യലിസ്റ്റ് സാമ്രാജ്യത്തിൽ അന്തേവാസികളായി പരിലസിക്കുന്നു. ആത്മസാക്ഷാത്ക്കാരത്തിന് സിദ്ധ വിദ്യയാണ് ഉത്തമ മാർഗമെന്ന് കരുതുന്ന സിദ്ധവിദ്യാ സന്യാസ മാർഗമാണ് ഇവിടത്തെ രീതി. നമ്മുടെ ശരീരത്തിൽ നിന്ന് അധോഗതിയായി പുറത്തേക്ക് 
പോയ്‌ക്കൊണ്ടിരിക്കുന്ന ജീവനെ പുറത്തേക്ക് വിടാതെ തന്നിൽ സഭാ സമയത്തും മേല് പോട്ടും കിഴപോട്ടും നടത്തി നമ്മളിൽ കുടികൊള്ളുന്ന ബ്രഹ്മരന്ധ്രത്തെ തട്ടി തുറന്ന് അതിൽ ജീവനെ അടക്കി ഇരുത്താൻ പഠിക്കുന്നതാണ് സിദ്ധവിദ്യ. ശിവാനന്ദ പരമഹംസരാണ് സിദ്ധാശ്രമം സ്ഥാപിച്ചത്.

പരമഹംസരുടെ ശിഷ്യനായ പെരുവേമ്പ രാമസ്വാമി 1937ൽ സിദ്ധ വേദം എന്നാൽ പുസ്തകം ആംഗലേയ ഭാഷയിൽ എഴുതിയിട്ടുണ്ട്. സിദ്ധവിദ്യ ലോകത്തിന് പരിചയപ്പെടുത്തി ഉപദേശിച്ചത് ശിവാനന്ദ പരമഹംസരാണ്. സിദ്ധാശ്രമം തലസ്ഥാനം വടകരയാണ്.കൂടാതെ തമിഴ്‌നാട് അമ്മം പാളയം, തളിപ്പറമ്പ് ഈയ്യൂരിലും തിരുവനന്തപുരം കാട്ടക്കടയിലും പേരാമ്പ്രക്കടുത്ത് കായണ്ണയിലും സിദ്ധാശ്രമം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ശിവാനന്ദപരമഹംസരുടെ ജന്മദിനമായ കാർത്തിക ദിനത്തിൽ ഇവിടെ വലിയ വിശേഷമാണ്. പഞ്ചാമൃതപ്രസാദം ഇവിടെത്തെ സവിശേഷതയാണ്. അന്നദാനം, സാംസ്‌ക്കാരിക സമ്മേളനം എന്നിവ നടക്കാറുണ്ട്.

ആശ്രമത്തിനെ അടുത്തറിയാത്തവർക്ക് ഒരു അത്ഭുത ലോകമാണിത്. സത്യാനേഷികൾ വടകരയെത്തുമ്പോൾ സിദ്ധാശ്രമം സന്ദർശിക്കുന്നത് നല്ലതാണ്. തെരഞ്ഞെടുപ്പ് രിതിയിലാണ് ഇവിടെത്തെ അധികാരം നിയന്ത്രിക്കുന്നത്. സമ്പൂർണ്ണ സോഷ്യലിസം എല്ലാ കാര്യത്തിലും സിദ്ധാശ്രമം കാത്തു സൂക്ഷിക്കുന്നു. സനന്ദൻ സ്വാമിയാണ് ഇപ്പോൾ സിദ്ധാശ്രമത്തിന്റെ മുഖ്യ ചുമതല വഹിക്കുന്നത്.