ഉല്ലാസ യാത്രകള്‍ക്കായി ഭാരത് ഗൗരവ് ട്രെയിന്‍ കേരളത്തിലും സര്‍വീസ് ആരംഭിക്കുന്നു ; ഓണത്തിന് തുടക്കം

ഉല്ലാസ യാത്രകള്‍ക്കായി ഭാരത് ഗൗരവ് ട്രെയിന്‍ കേരളത്തിലും സര്‍വീസ് ആരംഭിക്കുന്നു ; ഓണത്തിന് തുടക്കം

ഡല്‍ഹി : വിനോദസഞ്ചാര ട്രെയിന്‍ ഓണത്തിന് ആദ്യമായി കേരളത്തിലും സര്‍വീസ് ആരംഭിക്കും. റെയില്‍വേയുടെ ലൈനും കോച്ചും ജീവനക്കാരെയും ഉപയോഗിച്ച് സ്വകാര്യ ഏജന്‍സി നടത്തുന്ന ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിക്കുകീഴിലാണ് സര്‍വീസ്. ടൈം ട്രാവല്‍സ് കമ്പനിയുടെ 'ഉല റെയില്‍' ട്രെയിന്‍ സെപ്തംബര്‍ രണ്ടിന് തിരുവനന്തപുരത്തുനിന്ന് 11 ദിവസത്തെ ഹൈദരാബാദ്, ഹംപി, ഗുജറാത്ത് യാത്ര പുറപ്പെടും. ശബരിമല സീസണില്‍ കോട്ടയത്തേക്കും സ്വകാര്യ ട്രെയിന്‍, റെയില്‍വേ പരിഗണിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ റെയില്‍വേയുടെ ഉപ കമ്പനിയായ ഐആര്‍സിടിസി പരിമിതമായ നിരക്ക് ഈടാക്കി രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി നടത്തിയിരുന്ന സര്‍വീസാണ്, റെയില്‍വേയുടെ സൗകര്യം ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ നല്‍കിയത്. ഇതില്‍ യാത്രാനിരക്ക് നിശ്ചയിക്കുന്നതും ഈടാക്കുന്നതും സ്വകാര്യ കമ്പനിയാണ്. കമ്പനി നേരിട്ടാണ് ടിക്കറ്റ് വില്‍പ്പനയും. ഹോട്ടല്‍ ബുക്കിങ്ങും ട്രെയിനുള്ളിലെ സൗകര്യങ്ങളും കമ്പനി ഏര്‍പ്പെടുത്തും. റെയില്‍വേലൈന്‍, കോച്ചുകള്‍, സിഗ്നലിങ് സംവിധാനം, ലോക്കോ പൈലറ്റ്, ഗാര്‍ഡ് തുടങ്ങിയവ ഉപയോഗിക്കുന്നതിന് നിശ്ചിതവാടക കമ്പനി റെയില്‍വേക്ക് നല്‍കും. ഓരോ ട്രെയിനിലും 14 മുതല്‍ 20 ആഡംബര കോച്ചുകള്‍വരെ ഏര്‍പ്പെടുത്തും. സ്വകാര്യ ഏജന്‍സികള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ റെയില്‍വേ 3000 കോച്ചുകളാണ് മാറ്റിവച്ചിട്ടുള്ളത്.