സഹകരണ നയം ഉടച്ച് വാര്‍ക്കാന്‍ പുതിയ നയം വരുന്നു
ന്യൂഡല്‍ഹി : സമഗ്രമായ സഹകരണ നയത്തിന്റെ കരട് തയാറാക്കാന്‍ മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തില്‍ 47 അംഗ സമിതി. സഹകരണമേഖലയില്‍ അധിഷ്ഠിതമായ സാമ്പത്തിക വികസന മാതൃക പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നയം തയാറാക്കുന്നതെന്ന് സഹകരണ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. സഹകരണ മേഖലയെ ശക്തമാക്കാന്‍ നയമുണ്ടാക്കുമെന്ന് ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. സഹകരണരംഗത്തെ വിദഗ്ധര്‍, ദേശീയതലത്തിലെ സഹകരണ സ്ഥാപനങ്ങള്‍ മുതല്‍ പ്രാഥമിക സംഘങ്ങള്‍ വരെയുള്ള സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാരും രജിസ്ട്രാര്‍മാരും മന്ത്രാലയ പ്രതിനിധികളും എന്നിവരാണ് സമിതിയിലുള്ളത്. രാജ്യത്ത് 8.5 ലക്ഷം സഹകരണ സംഘങ്ങളുണ്ട്. 29 കോടി അംഗങ്ങളാണ് ഈ സംഘങ്ങളിലുള്ളത്. കൃഷി, ക്ഷീരവികസനം, മത്സ്യമേഖല, വീട് നിര്‍മാണം, നെയ്ത്ത്, വായ്പ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സഹകരണ സംഘങ്ങള്‍ നടത്തുന്നത്. പുതുതായി സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിന് പിന്നാലെയാണ് സമഗ്രമായ നയവും തയാറാക്കുന്നത്. നിലവിലെ നയം 2002ലുള്ളതാണ്.
Comments (0)