കല്ല്യാണ ഒരുക്കങ്ങള്‍ക്കിടെ പ്രതീക്ഷിക്കാത്ത അതിഥിയായി കോവിഡ് എത്തി; വരന്‍ വിവാഹത്തില്‍ പങ്കെടുത്തത് വീഡിയോ കോള്‍ വഴി; വധുവിന് മാലയിട്ട് സുമംഗലിയാക്കിയത് സഹോദരി

കല്ല്യാണ ഒരുക്കങ്ങള്‍ക്കിടെ പ്രതീക്ഷിക്കാത്ത അതിഥിയായി കോവിഡ് എത്തി; വരന്‍ വിവാഹത്തില്‍ പങ്കെടുത്തത് വീഡിയോ കോള്‍ വഴി; വധുവിന് മാലയിട്ട് സുമംഗലിയാക്കിയത് സഹോദരി

കറ്റാനം: കല്ല്യാണ ഒരുക്കങ്ങള്‍ക്കിടെ വരന് കോവിഡ് ബാധിച്ചപ്പോള്‍ സ്വന്തം വിവാഹത്തില്‍ സുജിത് പങ്കെടുത്തത് വിഡിയോകോള്‍ വഴി. വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി സുമംഗലി ആക്കിയതാവട്ടെ വരന്റെ സഹോദരി. കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തില്‍ ഇന്നലെ 11.30നായിരുന്നു ഈ അപൂര്‍വ്വ വിവാഹം. സഹോദരി തന്റെ വധു സൗമ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയതും കൈപിടിച്ചു മണ്ഡപത്തിനു പ്രദക്ഷിണം നടത്തിയതുമെല്ലാം സുജിത്ത് ഐസൊലേഷന്‍ മുറിയില്‍ ഇരുന്നു വീഡിയോ കോള്‍ വഴി കണ്ടു.

സുജിത്തിന് കോവിഡ് ബാധിച്ചതോടെ ക്വാറന്റൈനിലായ മാതാപിതാക്കളും വീഡിയോ കോള്‍ വഴിയാണ് വിവാഹ ചടങ്ങുകള്‍ കണ്ടത്. മാവേലിക്കര ഓലകെട്ടിയമ്ബലം പ്ലാങ്കൂട്ടത്തില്‍ വീട്ടില്‍ വി.ജി.സുധാകരന്റെയും രാധാമണിയുടെയും മകന്‍ സുജിത്ത് സുധാകരനും, കട്ടച്ചിറ പള്ളിക്കല്‍ കൊച്ചുവീട്ടില്‍ വടക്കതില്‍ സുദര്‍ശനന്റെയും കെ.തങ്കമണിയുടെയും മകള്‍ എസ്.സൗമ്യയും തമ്മിലുള്ള വിവാഹമാണ് വരന്റെ അസാന്നിധ്യത്തിലും സര്‍വ്വ മംഗളമായി നടന്നത്.

മുംബൈയില്‍ സ്വകാര്യകമ്ബനി ജീവനക്കാരനാണു സുജിത്. കുടുംബം മുംബൈയില്‍ സ്ഥിര താമസമാണ്. മൂന്ന് മാസം മുമ്ബാണ് സുജിത്തിന്റെയും സൗമ്യയുടെയും വിവാഹം തീരുമാനിച്ചത്. വിവാഹ ചടങ്ങിനായി മൂന്നാഴ്ച മുന്‍പ് വരനും കുടുംബവും നാട്ടിലെത്തി, കോവിഡ് പരിശോധന നടത്തി നിരീക്ഷണത്തിലായിരുന്നു. വിവാഹത്തിനു രണ്ട് ദിവസം മുന്‍പു നടത്തിയ കോവിഡ് പരിശോധനയിലാണ് സുജിത് പോസിറ്റീവായത്.

ക്വാറന്റീനിലായതിനാല്‍ സുജിത്തിന്റെ കൂടെ നാട്ടിലെത്തിയ മാതാപിതാക്കള്‍ക്കും പങ്കെടുക്കാനായില്ല. തുടര്‍ന്നാണ് നാട്ടില്‍ താമസിക്കുന്ന മഞ്ജുവിന്റെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്. സുജിത്തിന്റെ മാതൃസഹോദരീപുത്രിയാണ് മഞ്ജു. കോവിഡ് നെഗറ്റീവ് ആയതിനു ശേഷം 'വിവാഹം' ഒന്നുകൂടി നടത്താന്‍ കാത്തിരിക്കുകയാണു സുജിത്.