ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം 2023 മില്ലറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും, കോളേജുകളിലും മില്ലറ്റ് മിഷൻ കേരളയും, ദേശീയ ഹരിത സേനയും സംയുക്തമായി നടത്തുന്ന മില്ലെറ്റ് ക്യാമ്പയിന് തുടക്കം കുറിച്ചു.
ദേശീയ വനമഹോത്സാവത്തോടനുബന്ധിച്ച് ചെർപ്പുളശ്ശേരി ഗവഃ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ മില്ലറ്റ് ക്യാമ്പയിനിന്റെ ഉദ്ഘാടനം ഔഷധസസ്യ സംരക്ഷകയും, മുൻ ഹരിത സേന ജില്ലാ കോർഡിനേറ്ററുമായ ശ്രീമതി കല ടീച്ചർ നിർവഹിച്ചു.
ചാമയും, കമ്പവുമടക്കമുള്ള ചെറുധാന്യങ്ങൾ കഴിച്ചു ശീലിച്ചതുകൊണ്ടാണ് പഴമക്കാർ ആരോഗ്യം നിലനിർത്തിയിരുന്നത്. ഇന്നത്തെ തലമുറയ്ക്ക് ആരോഗ്യം നഷ്ടപ്പെടാൻ കാരണം വെളുപ്പിച്ച അരിയാഹാരത്തിന്റെ അമിതോപയോഗമാണ്. പഴമക്കാരുടെ പാരമ്പര്യ ഭക്ഷ്യ സംസ്കാരത്തിലേക്ക് തിരിച്ചുപോയാൽ മാത്രമേ നഷ്ട്ടപ്പെട്ട ആരോഗ്യം നമുക്ക് വീണ്ടെടുക്കാൻ കഴിയൂ എന്നും ശ്രീമതി കല ടീച്ചർ അഭിപ്രായപ്പെട്ടു.
ദേശീയ വനമഹോത്സവ വാരാചരണ പരിപാടിയുടെ ഉദ്ഘാടനം ഒറ്റപ്പാലം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ. ശ്രീലാൽ അവർകൾ നിർവഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പണ്ട് വനനിബിഡമായിരുന്നു നമ്മുടെ നാട്ടിൻപുറം. പെയ്യുന്ന മഴ മുഴുവൻ വനങ്ങൾ സംഭരിച്ചു വെച്ചിരുന്നു. ഇന്ന് കൃത്രിമമായി മഴവെള്ളക്കൊയ്ത്തു നടത്തേണ്ട സാഹചര്യത്തിലേക്ക് നമ്മൾ വലിച്ചിഴക്കപ്പെട്ടിരിക്കുന്നൂവെന്നും ശ്രീ രാജൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
വനത്തെയും, വന്യജീവികളെയും സംരക്ഷിക്കുന്നതിലൂടെ മാത്രമേ മനുഷ്യന്റെ നിലനില്പ്പു സാധ്യമാകൂവെന്നും, അതിന് സർക്കാരുകൾ മാത്രം വിചാരിച്ചതുകൊണ്ട് നടപ്പിലാവില്ലെന്നും പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ദേശീയ ഹരിത സേന പാലക്കാട് ജില്ലാ കോഡിനേറ്റർ എസ് ഗുരുവായൂരപ്പൻ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.
ചെറുധാന്യങ്ങളുടെ പ്രാധാന്യം അടുത്ത തലമുറയ്ക്ക് കൈമാറുന്നതിലൂടെ മാത്രമേ തലമുറകളിലൂടെയുണ്ടായ ഭക്ഷ്യ വിടവ് നികത്താൻ കഴിയുകയുള്ളൂവെന്ന് മില്ലറ്റ് മിഷൻ കേരളയുടെ ജില്ലാ പ്രസിഡന്റ് ആറുമുഖൻ പത്തിച്ചിറ അഭിപ്രായപ്പെട്ടു.
യോഗത്തിൽ മില്ലറ്റ് മിഷൻ കേരളയുടെ സംസ്ഥാന കമ്മിറ്റി അംഗം മനോമോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് രമണി, മില്ലറ്റ് മിഷൻ കേരളയുടെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണദാസ്, അബ്ദുൽ അസീസ്.വി, ദേശീയ ഹരിത സേന കോ ഓർഡിനേറ്റർ ശ്രീമതി ബേബി സലീന ടീച്ചർ എന്നിവർ സംസാരിച്ചു.
Comments (0)