വാളയാര്‍ കേസ് സി.ബി.ഐക്ക്
തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം സി.ബി.ഐക്കു കൈമാറാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണു തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പ്രതികളെ വിട്ടയച്ച വിചാരണക്കോടതിവിധി കഴിഞ്ഞ ആറിനു റദ്ദാക്കിയ ഹൈക്കോടതി, പുനര്‍വിചാരണയ്‌ക്ക് ഉത്തരവിട്ടിരുന്നു. സംസ്‌ഥാന സര്‍ക്കാരും കുട്ടികളുടെ മാതാപിതാക്കളും സമര്‍പ്പിച്ച ഹര്‍ജികളിലായിരുന്നു കോടതിവിധി. തുടരന്വേഷണം ആവശ്യമെങ്കില്‍ വിചാരണക്കോടതിയില്‍ അതിനായി അപേക്ഷ നല്‍കാനും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്.
2017 ജനുവരി 13-നാണ് 13 വയസുള്ള മൂത്ത കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രധാന സാക്ഷിയായ ഇളയകുട്ടിയെ മാര്‍ച്ച് നാലിനു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നു കണ്ടെത്തി. ആത്മഹത്യയാണെന്ന പോലീസിന്റെ കുറ്റപത്രം വലിയ വിവാദമായിരുന്നു. പിന്നീട് വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ്‌കുമാര്‍ എന്നിവരെ പ്രതികളാക്കി. വലിയ മധു രണ്ടു കുട്ടികളെയും പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു. പ്രദീപ് കുമാറിനെ വിചാരണയ്‌ക്കിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറ്റുള്ളവരെ വിചാരണക്കോടതി വിട്ടയച്ചു.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനു നിര്‍ദേശം നല്‍കി. വിജ്‌ഞാപനം ഉടനുണ്ടാകും.
അന്വേഷണം സി.ബി.ഐക്കു കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം പെണ്‍കുട്ടികളുടെ അമ്മ സ്വാഗതം ചെയ്‌തു. സി.ബി.ഐ. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിച്ച ഡിവൈ.എസ്.പി: സോജനെതിരെ ആദ്യം നടപടിയെടുക്കണം. പോലീസുദ്യോഗസ്‌ഥര്‍ പെണ്‍കുട്ടികള്‍ക്കെതിരേ മോശമായി സംസാരിച്ചിരുന്നു. കുറ്റം ഏറ്റെടുക്കാന്‍ കുട്ടികളുടെ അച്‌ഛനോടു പോലീസ് ആവശ്യപ്പെട്ടിരുന്നെന്നും അവര്‍ പറഞ്ഞു.
Comments (0)