പക്ഷിപ്പനി: 23830 വളര്‍ത്തുപക്ഷികളെ കൊന്നുകത്തിച്ചു

പക്ഷിപ്പനി: 23830 വളര്‍ത്തുപക്ഷികളെ കൊന്നുകത്തിച്ചു

 ആലപ്പുഴ/കോട്ടയം: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന്​ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താറാവുകള്‍ അടക്കം വളര്‍ത്തുപക്ഷികളെ കൊന്നുനശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. രണ്ട്​ ജില്ലകളിലുമായി ആദ്യ ദിവസം 23830 പക്ഷികളെയാണ്​ കൊന്നത്​. ആലപ്പുഴയില്‍ 20330ഉം കോട്ടയത്ത്​ 3500ഉം താറാവുകളെയും മറ്റ്​ വളര്‍ത്തുപക്ഷികളെയും കൊന്നു കത്തിച്ചു. ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തില്‍ 7088ഉം പള്ളിപ്പാട്​ 2806ഉം തകഴിയില്‍ 6236ഉം കരുവാറ്റയില്‍ 4200 ഉം പക്ഷികളെയാണ്​ കൊന്നത്​. ആലപ്പുഴയില്‍ മൂന്ന്​ ദിവസംകൊണ്ട്​ 34,602 താറാവുകളെയാണ്​ കൊല്ലുന്നത്​. കോട്ടയത്തെ നീണ്ടൂരില്‍ ആദ്യദിവസം താറാവുകള്‍ അടക്കം 3500 വളര്‍ത്തുപക്ഷികളെ കൊന്നു.

ഇവിടെ 11,500 പക്ഷികളെ കൊല്ലണമെന്നാണ്​ വകുപ്പി​ന്‍െറ കണക്ക്​. ആലപ്പുഴയില്‍ ഒമ്ബതും കോട്ടയത്തും എട്ടും ദ്രുതപ്രതികരണ സംഘമാണ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്​. താറാവുകളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച്‌ നിശ്ചിതസ്ഥലങ്ങളില്‍ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായ ശേഷം ദ്രുത പ്രതികരണ സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും.

നീണ്ടൂരിലെ ഫാമിലെ താറാവുകളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് ദ്രുതകര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ കൊന്നൊടുക്കിയത്​. പാടശേഖരത്തിനു നടുവിലായി കുഴിയെടുത്ത ശേഷം താറാവുകളെ ചാക്കുകളിലാക്കി ഈ കുഴിയില്‍ തള്ളി തീകൊളുത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 3100 താറാവിന്‍ കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 400 വളര്‍ത്തുപക്ഷികളെയുമാണ്​ ചൊവ്വാഴ്​ച ദ്രുതകര്‍മ സേന കൊന്നത്​. രണ്ടുദിവസം കൂടി നടപടികള്‍ തുടരുമെന്ന്​ മൃഗസംരക്ഷണ വകുപ്പ്​ അറിയിച്ചു.

നീണ്ടൂരിലെ ഫാമില്‍ 8000 താറാവുകളാണുണ്ടായിരുന്നത്​. ഇതില്‍ 2720 എണ്ണം ചത്തതായാണ്​ വകുപ്പി​ന്‍െറ കണക്ക്​. അവശേഷിക്കുന്നവയെയാണ്​ കൊല്ലുന്നത്​. ഒപ്പം ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവ്​, കോഴി എന്നിവയെയും കൊന്നൊടുക്കുന്നുണ്ട്​.